ചണ്ഡീഗഢ്: ഹരിയാനയിൽ ഇന്ന് പുതിയതായി 33 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 129 ആയി. ഇതിൽ 17 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. സംസ്ഥാനത്ത് വൈറസ് ബാധയിൽ ഇന്ന് രണ്ട് പേർ മരിച്ചു. നിലവിൽ കൊവിഡിന് ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 110 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 23 പേർ നുഹ് ജില്ലയിൽ നിന്നും ഏഴു പേർ ഫരീദാബാദിൽ നിന്നും രണ്ട് ഗുരുഗ്രാം നിവാസികളും ഒരു ജിൻഡ് സ്വദേശിയും ഉൾപ്പെടുന്നു.
ഹരിയാനയിൽ പുതിയതായി 33 കൊവിഡ് കേസുകൾ
നിലവിൽ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 110 ആണ്. 17 പേർക്ക് രോഗം ഭേദമായിട്ടുണ്ട്
ശ്രീലങ്ക, നേപ്പാൾ, തായ്‌ലാൻഡ്, ഇന്തോനേഷ്യ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 50 പേരുമാണ് ഹരിയാനയിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമായത് തബ്‌ലീഗ് സമ്മേളനത്തിൽ നിന്നുള്ളവർ ഉൾപ്പെട്ടത് കൊണ്ടാണെന്ന് ഹരിയാന ആരോഗ്യവകുപ്പ് മന്ത്രി അനിൽ വിജ് വ്യക്തമാക്കി. നിസാമുദീൻ ചടങ്ങിൽ പങ്കെടുത്ത എല്ലാവരുടെയും സാമ്പിളുകൾ പരിശോധനയ്‌ക്ക് അയക്കാൻ നിർദേശിച്ചതായും ഇതിന്‍റെ ഫലം രണ്ട്- മൂന്ന് ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.