ന്യൂഡൽഹി: കൊവിഡ് രോഗം തടയുന്നതിനായി കൂടുതൽ ജാഗ്രത പാലിക്കണമെന്നും സാധ്യമായ എല്ലാ നിയന്ത്രണങ്ങളും നടപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും ജാഗരൂകരായിരിക്കണമെന്നും സംസ്ഥാന ആരോഗ്യ മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും പങ്കെടുത്ത വീഡിയോ കോൺഫറൻസിൽ കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. അവശ്യ സേവനമൊഴിച്ച് മറ്റ് സർവ്വീസുകൾ ലോക്‌ഡൗൺ ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഉറപ്പു വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി - ന്യൂഡൽഹി
അവശ്യ സേവനങ്ങൾ ഒഴിച്ച് മറ്റ് സേവനങ്ങൾ ലോക്‌ഡൗൺ ചെയ്യണമെന്നും റിട്ടയേഡ് ഡോക്‌ടർമാരുടെ സേവനം ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന ആരോഗ്യ മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും പങ്കെടുത്ത വീഡിയോ കോൺഫറൻസിൽ കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു
കൊവിഡ് -19 ചികിത്സക്കായി സംസ്ഥാനങ്ങളിൽ പ്രത്യേക ആശുപത്രി സ്ഥാപിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സ്ഥിരീകരിച്ച കേസുകളിൽ ചികിത്സ പ്രോട്ടോക്കോൾ അനുസരിച്ച് രോഗിയുമായി സമ്പർക്കത്തിൽ വന്ന കോൺടാക്റ്റ് കണ്ടെത്തലും തുടർനടപടികളും ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. റിട്ടയേഡ് ഡോക്‌ടർമാരുടെ സേവനം വൊളന്‍റീയറിങ്ങിനായി ആവശ്യപ്പെടാമെന്നും ആംബുലൻസ് ഡ്രൈവർ, കോൾ സെന്‍റർ സ്റ്റാഫ് എന്നിവർക്ക് പരിശീലനം നൽകണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കേന്ദ്ര സർക്കാർ 50 ലക്ഷത്തിന്‍റെ ഇൻഷുറൻസ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വീഡിയോ കോൺഫറൻസിൽ പറഞ്ഞു.