ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ സുപ്രീംകോടതി ശിക്ഷ പുനസ്ഥാപിച്ച 12 പ്രതികളില്‍ ഒരാളെ പ്രത്യേക പോട്ട കോടതി സബര്‍മതി സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. കേസില്‍ പ്രതികളായിരുന്ന 12 പേരെ വെറുതെ വിട്ട ഗുജറാത്ത് ഹൈക്കോടതിയുടെ വിധി തള്ളിയാണ് സുപ്രീം കോടതി ശിക്ഷ പുന:സ്ഥാപിച്ചത്. മറ്റൊരു കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന അസ്ഗര്‍ അലിയെ ഹൈദരാബാദിൽ നിന്നുള്ള സിബിഐ സംഘമാണ് സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്.
2011ലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സിബിഐ ജനുവരി 31ന് സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി മാനിക്കാതെ സിബിഐ അപ്പീല്‍ പോകുകയായിരുന്നു. അതേസമയം കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍റര്‍ ഫോര്‍ പബ്ലിക്ക് ഇന്‍ററസ്റ്റ് ലിറ്റിഗേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.