ന്യൂഡല്‍ഹി: പുതിയ ദേശീയവിദ്യാഭ്യാസ നയത്തിന് ഏതെങ്കിലും തരത്തിലുള്ള പക്ഷപാതമുണ്ടെന്ന് രാജ്യത്തെ ഒരു വിഭാഗവും പറഞ്ഞില്ലെന്നും ഇതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലുള്ളതും വരാനിരിക്കുന്നതുമായ തലമുറകളെ ഭാവിയിലേക്ക് പ്രാപ്‌തരാക്കുകയെന്നതാണ് വിദ്യാഭ്യാസ നയത്തിന്‍റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ (എന്‍ഇപി)ഉന്നത വിദ്യാഭ്യാസത്തിലെ പരിവര്‍ത്തന പരിഷ്‌കാരങ്ങള്‍ എന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു യോഗം.
ദേശീയവിദ്യാഭ്യാസ നയത്തില്‍ പക്ഷപാതമുണ്ടെന്ന് ഉന്നയിക്കപ്പെടാത്തതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി - മോദി
നിലവിലുള്ളതും വരാനിരിക്കുന്നതുമായ തലമുറകളെ ഭാവിയിലേക്ക് പ്രാപ്‌തരാക്കുകയെന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി
എല്ലാ രാജ്യങ്ങളും വിദ്യാഭ്യാസത്തെ ദേശീയ താല്‍പര്യങ്ങള്‍ക്ക് തുല്യമാക്കുകയും മുന്നോട്ട് പോവുകയും ചെയ്യുന്നു. നിലവിലുള്ളതും വരാനിരിക്കുന്നതുമായ തലമുറകളെ ഭാവിയിലേക്ക് തയ്യാറാക്കുക എന്നതാണ് വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ലക്ഷ്യം. എന്‍ഇപിയുടെ അടിസ്ഥാനവും ഇതുതന്നെയാണെന്നും നയത്തിന്‍റെ ലക്ഷ്യമെന്നത് ഭാവിയിലെ വെല്ലുവിളികള്‍ക്ക് ഇന്ത്യയിലെ യുവതയെ സജ്ജമാക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് നാലുവര്‍ഷത്തിലേറെയുള്ള നിരന്തരമായ ചര്‍ച്ചകള്‍ക്കും ലക്ഷക്കണക്കിന് നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കിയതെന്നും മോദി വ്യക്തമാക്കി. ഇന്ന് ഇത് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. വ്യത്യസ്‌ത മേഖലകളില്‍ നിന്നുള്ള ജനങ്ങളും വിവിധ പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്നുള്ളവരും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു, ഒപ്പം നിലപാടുകള്‍ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ സംവാദമാണെന്നും എത്രത്തോളം വിഷയത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുവോ അത്രത്തോളം രാജ്യത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.