ഗാന്ധിനഗർ:നാലാം ഘട്ട ലോക്ക് ഡൗണിന്‍റെ നിർദേശങ്ങളും ഇളവുകളും ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ അവശ്യ സേവനങ്ങൾ മാത്രമേ ലഭ്യമാകൂ. എന്നാൽ, ബ്യൂട്ടി പാർലറുകളും സലൂണുകളും ഹോട്ടലുകളും തുറന്നുപ്രവർത്തിക്കാൻ നോൺ- കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ അനുമതി നൽകിയിട്ടുണ്ട്. സ്‌കൂളുകൾ, ഷോപ്പിംഗ് മാളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ അടഞ്ഞു തന്നെ കിടക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കഴിഞ്ഞ ദിവസം ഒരു വീഡിയോ കോൺഫെറൻസിലൂടെ അറിയിച്ചു.
നാലാം ഘട്ട ലോക്ക് ഡൗണിന്‍റെ മാർഗനിർദേശങ്ങൾ ഗുജറാത്ത് സർക്കാർ പുറത്തിറക്കി
നോൺ- കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ബ്യൂട്ടി പാർലറുകളും സലൂണുകളും ഹോട്ടലുകളും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി. എന്നാൽ, സ്‌കൂളുകൾ, ഷോപ്പിംഗ് മാളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകിയിട്ടില്ല
ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാമെങ്കിലും ഹോം ഡെലിവറികൾ മാത്രമേ അനുവദിക്കുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇങ്ങനെ വീടുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഏജന്‍റുമാരുടെ പക്കൽ ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഹൈവേകളിലെ ഭക്ഷണശാലകൾക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രവർത്തിക്കാം. ഈ മാസം അവസാനം വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളായി തരംതിരിക്കാനുള്ള അനുമതി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. ജില്ലകളായോ മുനിസിപ്പൽ കോർപ്പറേഷൻ അല്ലെങ്കിൽ മുനിസിപ്പാലിറ്റിയായോ ചെറിയ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളായോ സോണുകളെ പ്രഖ്യാപിക്കാനാണ് കേന്ദ്രത്തിന്‍റെ നിർദേശം.