പട്ന:ഗല്‍വാൻ താഴ്‌വരയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടില്‍ 20 സൈനികരുടെ ജീവനാണ് രാജ്യം നഷ്‌ടമായത്. ധീര ജവാന്‍മാരുടെ ജീവത്യാഗത്തില്‍ രാജ്യം ഒന്നായി വിലപിക്കുമ്പോള്‍ ബിഹാറിനുണ്ടായ നഷ്‌ടത്തിന്‍റെ അളവ് വലുതാണ്. സംസ്ഥാനത്തുനിന്നുള്ള അഞ്ച് സൈനികരാണ് ഗല്‍വാനില്‍ ജീവന്‍ വെടിഞ്ഞത്. രാജ്യത്തിന് വേണ്ടിയ ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ഭൗതിക ശരീരം ഏറ്റുവാങ്ങാന്‍ രാഷ്‌ട്രീയ വൈര്യം മറന്ന് എല്ലാ നേതാക്കന്‍മാരും വിമാനത്താവളത്തിലെത്തിയിരുന്നു. ഉപമുഖ്യമന്ത്രി സുശീഷ് കുമാര്‍ മോദി, പ്രതിപക്ഷ നേതാവ് തേജസ്വിനി യാദവ്, ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാഥവ് എന്നിവര്‍ ചേര്‍ന്നാണ് സൈന്യത്തിന്‍റെ പ്രത്യേക വിമാനത്തിലെത്തിയ ഹവീര്‍ദാര്‍ സുനില്‍ കുമാറിന്‍റെ ഭൗതിക ശരീരം ഏറ്റുവാങ്ങിയത്.
വിമാനത്താവളത്തില്‍ നിന്നും സുനില്‍ കുമാറിന്‍റെ വീട്ടിലേക്കുള്ള 30 കിലോമീറ്റര്‍ വഴിയുടെ അരികില്‍ തങ്ങളുടെ ധീരജവാന്‍മാരെ കാണാന്‍ പുഷ്‌പമാലകളുമായി നൂറുകണക്കിന് പേര്‍ തടിച്ചുകൂടിയിരുന്നു. പൊട്ടക്കരഞ്ഞുകൊണ്ട് സുനില്‍ കുമാറിന്‍റെ ഭാര്യയും മക്കളും മൃതദേഹം ഏറ്റുവാങ്ങിയപ്പോള്‍ നാടൊന്നാകെ വിതുമ്പി. വിലാപയാത്രയില്‍ എംപി രാം കൃപാല്‍ യാഥവും പങ്കെടുത്തു. സുനില്‍ കുമാറിന്‍റെ ജീവത്യാഗത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചതിനാല്‍ നിതീഷ് കുമാറിന് വിമാനത്താവളത്തിലെത്താനോ, മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുന്നില്ല.