ന്യൂഡല്‍ഹി: രാജ്യം ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ദീർഘദൂര ട്രക്ക്, ബസ് സര്‍വ്വീസുകള്‍ക്കായി ശുദ്ധമായ ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എണ്ണ വിപണന കമ്പനികൾ രാജ്യത്തെ പ്രധാന ദേശീയപാതകളിൽ 1,000 എൽഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കും. ഇത് നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും അതുവഴി ഈ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ദില്ലി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നാല് മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന സുവർണ്ണ ചതുർഭുജ പാതകളിൽ സ്ഥാപിക്കുന്ന ആദ്യത്തെ 50 എൽഎൻജി ഇന്ധന സ്റ്റേഷനുകൾക്ക് ധർമേന്ദ്ര പ്രധാൻ തറക്കല്ലിട്ടു. അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്ത് പ്രകൃതി വാതകങ്ങളായ സിഎൻജി, പിഎൻജി, എൽപിജി, എൽഎൻജി എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിലാഷ പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം.
3 വർഷത്തിനുള്ളിൽ 1,000 എൽഎൻജി പമ്പുകൾ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍
അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്ത് പ്രകൃതി വാതകങ്ങളായ സിഎൻജി, പിഎൻജി, എൽപിജി, എൽഎൻജി എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിലാഷ പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം.
ഡീസൽ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രവർത്തനച്ചെലവ് 30-40 ശതമാനം കുറയ്ക്കുക മാത്രമല്ല ഇത് പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും പ്രധാൻ പറഞ്ഞു.രാജ്യത്തെ 10 ദശലക്ഷം ട്രക്കുകളിൽ വെറും 10% എൽഎൻജിയെ ഇന്ധനമായി തിരഞ്ഞെടുത്താലും വലിയ നേട്ടങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎൻജി വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ-എൽപിജി എന്നിവ പ്രോത്സാഹിപ്പിക്കുന്നത് സർക്കാർ തുടരുമെന്നും അതേസമയം, ദീർഘദൂര ഇന്ധനമായി എൽഎൻജി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി), ഓട്ടോ എൽപിജി തുടങ്ങിയ പ്രകൃതി വാതകങ്ങളെ അപേക്ഷിച്ച് ഉയർന്ന ഊർജ്ജ സാന്ദ്രത ഉള്ളതിനാൽ ദീർഘദൂര ഗതാഗതക്കാർ എൽഎൻജിയെ തിരഞ്ഞെടുക്കുന്നു. എൽഎൻജിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ദീർഘകാല പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് പെട്രോളിയം സെക്രട്ടറി തരുൺ കപൂറും അറിയിച്ചു.
2015 ലാണ് ഇന്ധനത്തിന്‍റെ ട്രയൽ ആരംഭിച്ചതെന്നും ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ വിതരണം ചെയ്യാന്‍ തയ്യാറാണെന്നും കപൂർ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഓയിൽ മാർക്കറ്റിംഗ് കമ്പനിയായ ഇന്ത്യൻ ഓയിൽ 20 എൽഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കും. ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ 11 സ്റ്റേഷനുകൾ സ്ഥാപിക്കും. രാജ്യത്തെ എൽഎൻജി ഇറക്കുമതി ശേഷിയുടെ മൂന്നിൽ രണ്ട് ഭാഗവും ഉള്ള ഗുജറാത്തിന് പരമാവധി 10 എൽഎൻജി സ്റ്റേഷനുകൾ ലഭിക്കും. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയ്ക്ക് എട്ട് സ്റ്റേഷനുകൾ വീതവും ലഭിക്കും. ആന്ധ്രാപ്രദേശിന് ആറ് എൽഎൻജി പമ്പുകളും കർണാടകയ്ക്ക് 5 എൽഎൻജി സ്റ്റേഷനുകളും ലഭിക്കും. കേരളത്തിനും രാജസ്ഥാനിനും 3 സ്റ്റേഷനുകൾ വീതവും ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ 2 എൽഎൻജി സ്റ്റേഷനുകൾ വീതവും മധ്യപ്രദേശ്, ഹരിയാന, ഒഡീഷ എന്നിവിടങ്ങളിൽ ഒരു സ്റ്റേഷൻ വീതവും ലഭിക്കും.