ന്യൂഡൽഹി:റെയിൽ പാതയുടെ കരാർ ചൈനീസ് കമ്പനിക്ക് കൈമാറിയതിലൂടെ സർക്കാർ ദുർബലമായ തന്ത്രം പ്രയോഗിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതിലൂടെ ചൈനക്ക് മുന്നിൽ ഇന്ത്യ മുട്ടുകുത്തിയെന്നും ശക്തമായ മറുപടിയാണ് നല്‍കേണ്ടിയിരുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
റെയില്‍ പാത കരാർ ചൈനീസ് കമ്പനിക്ക് ;സർക്കാരിന്‍റേത് ദുര്‍ബല തന്ത്രമെന്ന് പ്രിയങ്ക ഗാന്ധി
ചൈനീസ് കമ്പനിക്ക് ഡല്‍ഹി-മീററ്റ് അതിവേഗ റെയിലിനായി 1126 കോടി രൂപയുടെ കരാർ സര്‍ക്കാര്‍ നല്‍കിയത് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങൾ നടക്കുന്നതിനിടയിലായിരുന്നെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു
ഇന്ത്യയുടെ 20 സൈനികർ രക്തസാക്ഷിത്വം വരിച്ചു. അത്തരമൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാർ ശക്തമായ മറുപടിയാണ് നൽകേണ്ടത്. എന്നാൽ ഡല്‍ഹി-മീററ്റ് സെമി ഹൈ സ്‌പീഡ് റെയിൽ ഇടനാഴിയുടെ കരാർ ചൈനീസ് കമ്പനിക്ക് കൈമാറിക്കൊണ്ട് ചൈനക്ക് മുന്നില്‍ മുട്ടുകുത്താനുള്ള ദുർബലമായ തന്ത്രമാണ് സർക്കാർ സ്വീകരിച്ചത്. ഈ കരാര്‍ നടപ്പാക്കുന്നതിന് പ്രാപ്‌തരായ ഇന്ത്യൻ കമ്പനികളുണ്ടായിരുന്നെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങൾ നടക്കുന്നതിനിടയിലാണ് ഒരു ചൈനീസ് കമ്പനിക്ക് ഡല്‍ഹി-മീററ്റ് അതിവേഗ റെയിലിനായി 1126 കോടി രൂപയുടെ കരാർ സര്‍ക്കാര്‍ നല്‍കിയതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. തിങ്കളാഴ്‌ച രാത്രി ഗൽവാൻ താഴ്‌വരയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണൽ ഉൾപ്പെടെ ഇരുപത് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു.