തമിഴ്‌നാട്ടില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച 14 പേര്‍ക്കെതിരെ കേസെടുത്തു - തമിഴ്‌നാട്ടില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച 14 പേര്‍ക്കെതിരെ ഗുണ്ടാ നിയമ പ്രകാരം കേസെടുത്തു
തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്‌കാരം തടഞ്ഞാല്‍ ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ചുമത്താം
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ ശവസംസ്‌കാരം ആദരവോടെ നടത്താത്തതില്‍ പ്രതിഷേധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സ്‌ത്രീ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസെടുത്തു. ഗുണ്ടാ നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് നശിപ്പിച്ചതിനും ഡ്രൈവറെ ആക്രമിച്ചതിനും ഇവര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നതായി പൊലീസ് കമ്മിഷണര്‍ എ.കെ. വിശ്വനാഥന്‍ അറിയിച്ചു. സംഭവത്തില്‍ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്കാരം തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ശവസംസ്കാരം തടഞ്ഞാല്‍ ഓര്‍ഡിനന്‍സ് പ്രകാരം ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ചുമത്താം.