ഹൈദരാബാദ്: തുടർച്ചയായ മഴയെ തുടർന്ന് ഭദ്രാചലത്ത് ഗോദാവരി നദിയിലെ ജലനിരപ്പ് ഉയരുന്നു. പല പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യത നിലവിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഗോദാവരിയിലെ ജലനിരപ്പ് ഭയാനകമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മിഷൻ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭദ്രാചലത്തിലെ ജലനിരപ്പ് ഇന്ന് രാത്രിയോടെ അപകടനിലയിൽ എത്തുമെന്നും അധികൃതർ അറിയിച്ചു.
തെലങ്കാനയിൽ കനത്ത മഴ; ഗോദാവരിയിലെ ജലനിരപ്പ് ഉയരുന്നു - ഹൈദരാബാദ്
ഭദ്രാചലത്തിലെ ജലനിരപ്പ് ഇന്ന് രാത്രിയോടെ അപകടനിലയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.
ഭദ്രാചലത്തെ ജലനിരപ്പ് 48.1 അടിയായ സാഹചര്യത്തിൽ രാവിലെ രണ്ടാമത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഉച്ചയോടെ ജലനിരപ്പ് 52 അടിയായി ഉയരുകയായിരുന്നു. ജലനിരപ്പ് 53 അടിയാകുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ ജാഗ്രതാ നിർദേശം നൽകുക. സിഡബ്ല്യുസി രേഖകൾ പ്രകാരം 1986ലാണ് ഗോദാവരിയിലെ ജലനിരപ്പ് അവസാനമായി അപകടനിരയിലേക്ക് ഉയർന്നത്. 1986 ഓഗസ്റ്റിലെ ജലനിരപ്പ് 56.6 അടിയായിരുന്നു. വാറങ്കൽ, കരിംനഗർ, ആദിലാബാദ് ജില്ലകൾ ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങളിൽ നിന്ന് വൻതോതിൽ ജലം ഒഴുകിയെത്തിയതിനാലാണ് ഭദ്രാചലത്തിൽ ജലനിരപ്പ് ഉയരുന്നതെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തുടനീളം ശക്തമായ മഴ ലഭിക്കുന്നുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനായി ഇതിനകം അധികൃതർ അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്താനായി സംസ്ഥാനതല കൺട്രോൾ റൂം ആരംഭിച്ചു. അതേ സമയം വാറങ്കലിലെ നിരവധി കോളനികൾ വെള്ളത്തിൽ മുങ്ങി. ദുരിതബാധിത പ്രദേശങ്ങളിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴയും വെള്ളപ്പൊക്ക സാധ്യതയും മുന്നിൽക്കണ്ട് അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.