പനാജി: ജനുവരി 24ന് ഗോവയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ റാലിയില്‍ കുട്ടികളെ ദുരുപയോഗം ചെയ്തതിന് എൻജിഒയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ചില്‍ഡ്രൻസ് ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. കഴിഞ്ഞ ആഴ്ച കത്തോലിക്കാ സഭയുടെ കീഴിലുള്ള പള്ളിയുടെ പിന്തുണയുള്ള എൻജിഒ പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലി നടത്തിയിരുന്നു. കുട്ടികളെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് ഉപയോഗിച്ചു, മാനസികമായി പീഡനത്തിന് വിധേയരാക്കി, സുരക്ഷിതമായ അന്തരീക്ഷം നല്‍കിയില്ല എന്നീ കാര്യങ്ങള്‍ ആരോപിച്ചാണ് എഫ്ഐആർ ഫയല്‍ ചെയ്തിരിക്കുന്നത്. പനാജിയിലെ ഗോവ പൊലീസ് സ്റ്റേഷനിലാണ് കൗൺസില്‍ ഫോർ സോഷ്യല്‍ ജസ്റ്റിസ് ആൻഡ് പീസ്, മനുഷ്യാവകാശ സംഘടനയുടെ ഗോവയിലെ വിഭാഗം എന്നിവയ്ക്കെതിരെ കേസ് എടുത്തത്.
ഗോവയില്‍ പൗരത്വ റാലിയില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ കേസ്
ദക്ഷിണ ഗോവ ജില്ലയിൽ ജനുവരി 24ന് നടന്ന റാലിയിൽ കുട്ടികളെ ദുരുപയോഗം ചെയ്തതിന് ഗോവ ചിൽഡ്രൻസ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരം പള്ളിയുടെ പിന്തുണയുള്ള ഒരു എൻജിഒയുടെയും മനുഷ്യാവകാശ സംഘടനയുടെയും ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്
സാവിയോ ഫെർണാണ്ടസ് എന്ന വികാരിക്കാണ് പള്ളിയുടെ ചുമതലയുള്ളത്. റാലി സംഘടിപ്പിച്ച മനുഷ്യാവകാശ സംഘടനയുടെ ഗോവ വിഭാഗത്തിനും ഇദ്ദേഹമാണ് നേതൃത്വം നല്‍കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും ആക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതിനും ദുരുപയോഗം ചെയ്തു എന്നാരോപിച്ച് ഗോവ ആസ്ഥാനമായുള്ള ബാലാവകാശ എൻജിഒ ആയ സ്കാൻ നല്‍കിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തരം അനുവഭവങ്ങൾ കുട്ടികളുടെ ഓർമ്മകളില്‍ നിലനില്‍ക്കുമെന്നും അത് പിന്നീട് ദോഷം ചെയ്യുമെന്നും പരാതിയില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമം, പൗരത്വ ദേശീയ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയിൽ പ്രതിഷേധിച്ച് ജനുവരി 24ന് ദക്ഷിണ ഗോവയിലെ ലോഹിയ മൈതാനത്ത് നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത നിരവധി കുട്ടികളുടെ ഫോട്ടോകളും പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.