ഡെറാഡൂണ്‍:രാജ്യത്തെ ഏറ്റവും പഴക്കമുള്ള വൈദ്യുതി നിലയമാണ് ഗലോഗി ഊര്‍ജ പദ്ധതി. 1907ല്‍ ആരംഭിച്ച ഈ വൈദ്യുതി നിലയം 113 വര്‍ഷം പിന്നിട്ടിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിലയം പ്രവര്‍ത്തിക്കുന്നതെങ്കിലും പുരാതനകാലത്തെ പലശേഷിപ്പുകളും ഇന്നും ഇവിടെയുണ്ട്.
ആധുനികതയിലും പഴമയുടെ മോഡിയുമായി ഗലോഗി വൈദ്യുതി നിലയം 1890ലാണ് ബ്രിട്ടീഷുകാര്‍ ജലവൈദ്യുതി നിലയത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. ഏതാണ്ട് 7.50 ലക്ഷം രൂപ ചെലവിട്ട് 1907ല്‍ നിലയം പൂര്‍ത്തിയായി. ഇത് നിര്‍മിക്കാനുള്ള യന്ത്രസാമഗ്രികള്‍ ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്നതാണ്. അവ കപ്പല്‍മാര്‍ഗം മുംബൈയിലെത്തിച്ചു. ആദ്യഘട്ടത്തില്‍ റോഡ് മാര്‍ഗവും പിന്നീട് റെയില്‍പാത വന്നപ്പോള്‍ അതുവഴിയുമാണ് യന്ത്രങ്ങള്‍ ഡെറാഡൂണില്‍ കൊണ്ടുവന്നത്.
1907ലാണ് പദ്ധതി കമ്മിഷന്‍ ചെയ്‌തത്. ആദ്യഘട്ടത്തില്‍ മുസോറിയിലേക്കും ഡെറാഡൂണിലേക്കുമുള്ള വീടുകളിലേക്കാണ് വൈദ്യുതിയെത്തിച്ചത്. 1912ല്‍ ഗലോഗി പവര്‍ ഹൗസിലെ രണ്ടാം പവര്‍ സ്‌റ്റേഷന്‍ തുറന്നു. 1920ഓടെ മുസോറി നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവു വിളക്കുകള്‍ മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ വരെ വൈദ്യുതിവത്കരിച്ചു.
70 വര്‍ഷം മുസോറി മുനിസിപ്പാലിറ്റിയായിരുന്നു ഗലോഗി പ്ലാന്‍റിന്‍റെ ഉടമസ്ഥര്‍. 1976ല്‍ യുപി വൈദ്യുതി കൗണ്‍സില്‍ ഗലോഗി പവര്‍ ഹൗസ് ഏറ്റെടുത്തു. സംസ്ഥാന രൂപീകരണത്തിന് ശേഷം ഉത്തരാഖണ്ഡ് ജല്‍ വിദ്യുത് നിഗത്തിന്‍റെ കീഴിലായി.
നൂറ്റാണ്ടിന്‍റെ പഴക്കമുള്ള യന്ത്ര സാമഗ്രികളുടെ തകരാറുകള്‍ പരിഹരിക്കാന്‍ അറിയാവുന്ന പഴയ സാങ്കേതിക വിദഗ്‌ധരെല്ലാം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിരമിച്ചു. പവര്‍ ഹൗസില്‍ സ്ഥാപിച്ചിരിക്കുന്ന വിദേശ യന്ത്രങ്ങള്‍ പഴയ സാങ്കേതിക വിദ്യയിലുള്ളതാണ്. നിലവില്‍ അത്തരം യന്ത്രങ്ങളുടെ നിര്‍മാണവും നടക്കുന്നില്ല. ആധുനിക സാങ്കേതിക വിദ്യകള്‍ യോജിപ്പിച്ച് നവീകരണത്തിന്‍റെ പാതയിലാണ് വൈദ്യുതി നിലയം. അപ്പോഴും പഴമ നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.