ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.48 കോടി കടന്നു - വിക്‌ടോറിയ
ലോകത്താകമാനം 88,98,231 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 6,12,829 ആയി
ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,48,44,998 കടന്നു. 6,12,829 പേർക്ക് ജീവൻ നഷ്‌ടമായി. 88,98,231 ലധികം പേർ രോഗമുക്തി നേടി. ഓസ്‌ട്രേലിയയിലെ പ്രധാന ഹോട്ട്‌സ്‌പോട്ടായ വിക്‌ടോറിയയിൽ 374 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. മൂന്ന് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 126 ആയി ഉയർന്നു. ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെൽബണിൽ രണ്ടാഴ്‌ച മുമ്പ് ലോക്ക് ഡൗൺ ആരംഭിച്ചു. വർധിച്ചുവരുന്ന കൊവിഡ് കേസുകൾ കൈകാര്യം ചെയ്യാൻ സൈനിക ഉദ്യോഗസ്ഥർ വിക്ടോറിയൻ ആരോഗ്യ അധികൃതരെ സഹായിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു. വിക്ടോറിയ-ന്യൂ സൗത്ത് വെയിൽസ് അതിർത്തിയിൽ ബുധനാഴ്‌ച മുതൽ കർശനമായ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ജോലികൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യകാര്യങ്ങൾക്ക് മാത്രം അതിർത്തി കടക്കാൻ അനുവദിക്കും. ലോക്ക് ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിലെല്ലാം മാസ്‌ക് നിർബന്ധമാക്കും.