ഹൈദരാബാദ്: അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യയ്‌ക്ക് ഭീഷണി കലര്‍ന്ന മുന്നറിയിപ്പുമായി ചൈനീസ് സർക്കാരിന്‍റെ മുഖപത്രമായി കണക്കാക്കപ്പെടുന്ന ഗ്ലോബൽ ടൈംസ് എഡിറ്റോറിയല്‍. ലഡാക്കിലെ ഗൽവാൻ താഴ്‌വരയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യയുടെ ചൈനയുടെയും കമാൻഡർമാർ ചൈനീസ് ഭാഗത്തെ നിയന്ത്രണ രേഖയ്‌ക്ക് സമീപം (എൽഎസി) ഒരു മീറ്റിങ് നടന്ന ദിവസമാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.
എഡിറ്റോറിയിലില്‍ ഇങ്ങനെ പറയുന്നു, "ഇന്ത്യൻ ദേശീയവാദികൾക്ക് ഞാൻ മുന്നറിയിപ്പ് നൽകുന്നു നിരായുധരായ ഏറ്റുമുട്ടലുകളിൽ പോലും നിങ്ങളുടെ സൈനികർക്ക് ചൈനീസ് സൈനികരെ തോൽപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, തോക്കുകളും മറ്റ് ആയുധങ്ങളും നിങ്ങള്‍ക്ക് പ്രയോജനപ്പെടില്ല. കാരണം ചൈനയുടെ സൈനിക ശക്തി ഇന്ത്യയേക്കാൾ വളരെ വിപുലവും ശക്തവുമാണ്".
ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഗ്ലോബല്‍ ടൈംസില്‍ എഡിറ്റോറിയല്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രിയുടെ പുതിയ ഉത്തരവ് പ്രകാരം അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനമുണ്ടായാല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് തിരിച്ചടിക്കാം. മേഖലയില്‍ തോക്ക് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും സൈനികര്‍ക്ക് ലഭിച്ചു. കിഴക്കൻ ലഡാക്കിലെ ഗൽവാൻ വാലിയിൽ ചൈനീസ് സൈനികരുമായുള്ള അക്രമത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
അതിർത്തി തർക്കത്തില്‍ ഇന്ത്യ ചൈനയുമായി യുദ്ധത്തിനോ, പ്രദേശിക ഏറ്റമുട്ടലുകള്‍ക്കോ ശ്രമിക്കുകയാണെങ്കില്‍ അത് പാറയുടെ മുകളില്‍ മുട്ടയിടുന്നത് പോലെയായിരിക്കും. ഇന്ത്യയുടേതിനേക്കാള്‍ മൂന്നിരിട്ടി പണം സൈന്യത്തിനായി ചിലവഴിക്കുന്ന രാജ്യമാണ് ചൈനയെന്നും ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് ഹൂ ഷി ജിൻ എഡിറ്റോറിയലില്‍ കൂട്ടിച്ചേര്‍ത്തു. "ചൈന-ഇന്ത്യ അതിർത്തിയിലെ പിരിമുറുക്കങ്ങൾ വർധിക്കുന്നു" എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിൽ ഇന്ത്യയുമായുള്ള സംഘർഷങ്ങൾ വർധിപ്പിക്കാൻ ചൈന ആഗ്രഹിക്കുന്നില്ലെന്ന് പറയുമ്പോഴും ഇന്ത്യൻ സൈനികരിൽ നിന്നുള്ള പ്രകോപനങ്ങളെ തകർക്കാൻ ഞങ്ങൾക്ക് മതിയായ ശേഷിയുണ്ടെന്നും വ്യക്തമാക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ച അതിര്‍ത്തിയിലുണ്ടായ ഏറ്റമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവൻ നഷ്‌ടമായത്. ചൈനീസ് ഭാഗത്തുണ്ടായ ആള്‍ നാശത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. 40 ഓളെ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്‌തിട്ടുണ്ടെന്നാണ് ഒടുവില്‍ വന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അർധരാത്രി വരെ മണിക്കൂറുകളോളം നീണ്ടുനിന്ന പോരാട്ടത്തിൽ ഇരു സൈനികരും കല്ലും വടിയും മുള്ള് തറച്ച പലകയും ഉപയോഗിച്ചാണ് പരസ്‌പരം ഏറ്റുമുട്ടിയത്.