ഹൈദരാബാദ്:ആഗോളതലത്തിൽ ഇത് വരെ 43,42,354 ൽ അധികം ആളുകൾക്ക് കൊവിഡ് ബാധിച്ചു. എതാണ്ട് 2,92,893 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് 16,02,443 ൽ അധികം ആളുകൾ രോഗം ഭേദമായി ആശുപത്രി വിട്ടു.
ന്യൂസിലാന്‍റിൽ തുടർച്ചയായ നാലാം ദിവസവും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.അർദ്ധരാത്രി മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാൻ രാജ്യം തയ്യാറെടുക്കുമ്പോൾ ഇത്തരം വാർത്തകൾ സന്തേഷം നൽകുന്നവയാണെന്ന് ആരോഗ്യ ഡയറക്ടർ ജനറൽ ആഷ്‌ലി ബ്ലൂംഫീൽഡ് പറഞ്ഞു. മാളുകൾ, റീട്ടെയിൽ സ്റ്റോറുകൾ, സിറ്റ്-ഡൗൺ റെസ്റ്റോറന്‍റുകൾ എന്നിവയുൾപ്പെടെ മിക്ക ബിസിനസ് സ്ഥാപനങ്ങളും വീണ്ടും തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞാലും സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ നിലനിൽക്കുകയും 10 പേരിൽ കൂടുതൽ ആളുകൾ ഒത്ത് ചേരുന്ന പരിപാടികൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിൽ ഒരു ദിവസം മാത്രം 2000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാനികളുടെ തിരിച്ചുവരവ് വർദ്ധിപ്പിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെവിഡ് കേസുകളിൽ വർധനവ് ഉണ്ടായത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദക്ഷിണ കൊറിയയിൽ 26 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളെല്ലാം സിയോളിലെ നൈറ്റ്ക്ലബുകളുമായി ബന്ധപ്പെട്ട ആളുകൾക്കാണ് റിപ്പോർട്ട് ചെയ്തത്.
കൊറിയ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയ 259 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊറിയയിലെ ആകെ മരണങ്ങളുടെ എണ്ണം 10,962 ആയി. ഇതുവരെ 9,695 പേർക്ക് രോഗം ഭേദമായതായും അധികൃതർ അറിയിച്ചു.പുതിയ 26 കേസുകളിൽ 22 എണ്ണം കൊറിയയിൽ തന്നെ ഉള്ളവർക്കാണ് റിപ്പോർട്ട് ചെയ്തതെന്നും ബാക്കി നാലെണ്ണം വിദേശത്ത് നിന്ന് എത്തിയവരിലാണ് റിപ്പോർട്ട് ചെയ്തതെന്നും അധികൃതർ പറഞ്ഞു.
ഏഴ് പുതിയ കൊവിഡ് കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്തു. ആകെ 82,926 കേസുകളും 4,633 മരണങ്ങളുമാണ് ചൈനയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തത്.