ടൈം മാഗസിൻ പട്ടികയിൽ സ്റ്റാച്യു ഓഫ് യൂണിറ്റിയും - ടൈം മാഗസിൻ പട്ടിക
സ്റ്റാച്യു ഓഫ് യൂണിറ്റി ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു
ന്യൂഡൽഹി: ടൈം മാഗസിൻ പുറത്തിറക്കിയ 2019 ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ രണ്ടാം വാർഷിക പട്ടികയിൽ ഗുജറാത്തിലെ 597 അടി ഉയരമുള്ള സ്റ്റാച്യു ഓഫ് യൂണിറ്റിയും. ഉടൻ സന്ദർശിക്കേണ്ട 100 സ്ഥലങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയത്. സ്റ്റാച്യു ഓഫ് യൂണിറ്റി ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായി ഉയർന്നുവരുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
2018 ഒക്ടോബർ 31നാണ് ഗുജറാത്തിലെ സർദാർ സരോവർ ഡാമിന് സമീപം പണിതീർത്ത സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ ഉദ്ഘാടനം ചെയ്തത്. ഏകദേശം 3000 കോടിയോളം രൂപ ചെലവഴിച്ചാണ് 189 മീറ്ററുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ പണിതീർത്തത്. അതേസമയം, താമസ കേന്ദ്രങ്ങളുടെ പട്ടികയിൽ മുംബൈയിലെ സോഹോ ഹൗസും ഇടംനേടി. അറബിക്കടലിനഭിമുഖമായി 11നില കെട്ടിടത്തിലാണ് മുംബൈയിലെ ഫാഷനബിൾ സോഹോ ഹൗസ് സ്ഥിതി ചെയ്യുന്നത്. മ്യൂസിയങ്ങൾ, പാർക്കുകൾ, റസ്റ്റോറന്‍റുകൾ, ഹോട്ടലുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നും ആഗോള തലത്തിലുള്ള മാധ്യമ പ്രതിനിധികൾ, എഡിറ്റർമാർ എന്നിവരിൽ നിന്നാണ് നോമിനേഷനുകൾ ലഭിച്ചത്.