നൈനിറ്റാൾ:മധ്യ ഹിമാലയൻ മേഖലകളിലെ ദ്രുതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനം ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളെയും ബാധിക്കുന്നുതായി റിപ്പോർട്ടുകൾ. കുമൗണിലെ പാച്ചാച്ചുലിയില്‍ മഞ്ഞുഫലകങ്ങൾ അപകടകരമായ വേഗതയിലാണ് ഉരുകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ മാത്രം 60 അടി മഞ്ഞുഫലകങ്ങൾ ഉരുകിയതായി പ്രദേശവാസികൾ പറയുന്നു.
ഉത്തരാഖണ്ഡ്,ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും വളരെ വേഗത്തിലാണ് മഞ്ഞുപാളികള്‍ ഉരുകുന്നത്. എന്നാല്‍ ജമ്മുകശ്മീര്‍ മേഖലകളില്‍ മഞ്ഞുപാളികള്‍ ചുരുങ്ങുന്നതായി കാണാന്‍ സാധിക്കുന്നതായി കുമൗണിലെ പ്രൊഫസറായ ബി എസ് കോട്‌ലിയ പറയുന്നു. അതുകൊണ്ട് തന്നെ ഈ മേഖലകളിലെ കാലാവസ്ഥയെക്കുറിച്ച് പഠനം നടത്തേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പാച്ചാച്ചുലിയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അറുപത് ശതമാനത്തില്‍ കൂടുതലാണ് മഞ്ഞുപാളികള്‍ ചുരുങ്ങിയത്. റോഡിലെ വാഹനങ്ങള്‍ വർധിക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹിമാലയന്‍ മേഖലകളിലെത്തുന്ന സന്ദർശകരുടെ എണ്ണവും ഇപ്പോള്‍ വർധിച്ചുവരുന്നുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ വർഷങ്ങള്‍ക്കകം മഞ്ഞുപാളികളിലാത്ത പർവ്വതമായി ഹിമാലയം മാറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ നാന്നൂറ് വർഷങ്ങള്‍ക്കിടയില്‍ ഉത്തരാഖണ്ഡിലെയും ഹിമാചലിലെയും മഞ്ഞുപാളികളിലുണ്ടായ കുറവ് പഠനവിധേയമാക്കേണ്ടതാണെന്ന് ബി എസ് കോട്‌ലിയ പറയുന്നു.കാലാവസ്ഥ വ്യതിയാനമാണ് ഇതിനുകാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും എങ്ങനെ ഈ പ്രതിഭാസത്തെ പ്രതിരോധിക്കാന്‍ കഴിയും എന്നും ചിന്തിക്കണം. ഇപ്പോളെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും ബി എസ് കോട്‌ലിയ വ്യക്തമാക്കി.