ആര്‍ത്തവമില്ലെന്ന് തെളിയിക്കാന്‍ ഗുജറാത്തില്‍ പെണ്‍കുട്ടികളുടെ അടിവസ്‌ത്രപരിശോധന
നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർഥികളെ പ്രിന്‍സിപ്പാൾ ഭീഷണിപ്പെടുത്തിയെന്നും പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ആരോപണം
ഗാന്ധിനഗര്‍: ആര്‍ത്തവമില്ലെന്ന് തെളിയിക്കാന്‍ ഗുജറാത്തിലെ ഭുജില്‍ പെണ്‍കുട്ടികളുടെ അടിവസ്‌ത്രപരിശോധനയെന്ന് ആരോപണം. പെണ്‍കുട്ടികൾ മാത്രം പഠിക്കുന്ന ശ്രീ സഹജാനന്ദ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. സ്ഥാപനത്തിലെ 68 പെണ്‍കുട്ടികളോടാണ് ആർത്തവമില്ലെന്ന് തെളിയിക്കാൻ അവരുടെ അടിവസ്ത്രങ്ങൾ വരെ മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർഥികളെ പ്രിന്‍സിപ്പാൾ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ആരോപണമുണ്ട്. ഇക്കാര്യം പരിശോധിക്കാൻ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്ന് കോളജ് ഡീൻ ദർശന ദോലാകിയ പ്രതികരിച്ചു. വിഷയം ഹോസ്റ്റലുമായി ബന്ധപ്പെട്ടതാണ്. ഇതിന് യൂണിവേഴ്‌സിറ്റിയുമായോ കോളജുമായോ യാതൊരു ബന്ധവുമില്ല. എല്ലാം പെൺകുട്ടികളുടെ അനുമതിയോടെയാണ് നടന്നതെന്നും ആരെയും നിർബന്ധിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികള്‍ ക്ഷേത്രത്തിലും അടുക്കളയിലും പ്രവേശിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.