ചെന്നൈ: സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ഥി ഇന്ത്യ വിട്ടു. വിസ ചട്ടങ്ങള്‍ ലംഘിച്ച് ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെട്ടതിനാല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ വിദ്യാര്‍ഥിയോട് രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഇന്ത്യാക്കാര്‍ ജര്‍മന്‍ പൗരന് കൃതജ്ഞത നല്‍കേണ്ടതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.
ജേക്കബ് ലിന്‍ഡെന്തലാണ് രാജ്യം വിട്ട ജര്‍മന്‍ പൗരനായ വിദ്യാര്‍ഥി. ഹിറ്റ്ലര്‍ ഭരണ കാലത്ത് ജര്‍മനിയില്‍ നാസികള്‍ ജൂതന്‍മാരെ പീഡിപ്പിച്ചതിനെക്കുറിച്ച് പരോക്ഷ പരാമര്‍ശമുള്ള പ്ലക്കാര്‍ഡുമായാണ് വിദ്യാര്‍ഥി പ്രതിഷേധത്തില്‍ പങ്കെടുത്തത്. യഹൂദര്‍ക്കെതിരായ പോരാട്ടം ആദ്യമൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെന്ന് ജര്‍മന്‍ പൗരന്‍ സഹപാഠിയോട് പറഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്. വിയോജിപ്പില്ലാത്ത ജനാധിപത്യമില്ലെന്നുള്ള പ്ലക്കാര്‍ഡും ഇയാളുടെ കൈവശമുണ്ടായിരുന്നു. ജര്‍മന്‍ സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് ജേക്കബ്.