ജമ്മു കശ്‌മീരില്‍ പുതിയ ഗവര്‍ണര്‍മാര്‍
മുന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍മാരായ ഗിരീഷ് ചന്ദ്ര മുര്‍മു ജമ്മു കശ്‌മീര്‍ ലഫ്.ഗവര്‍ണറും രാധാകൃഷ്‌ണ മാതുര്‍ ലഡാക്കിലെ ലഫ്.ഗവര്‍ണറുമാകും
ന്യുഡല്‍ഹി : കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്‌മീരിലും ലഡാക്കിലും പുതിയ ഗവര്‍ണര്‍മാരെ നിയോഗിച്ചു. മുന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍മാരായ ഗിരീഷ് ചന്ദ്ര മുര്‍മു ജമ്മു കശ്‌മീര്‍ ലഫ്.ഗവര്‍ണറും രാധാ കൃഷ്‌ണ മാതുര്‍ ലഡാക്കിലെ ലഫ്.ഗവര്‍ണറുമാകും. രാഷ്‌ട്രപതി ഭവനാണ് അതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അതേസമയം, ജമ്മു കശ്‌മീർ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയോഗിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മു നിലവില്‍ ധനകാര്യ വകുപ്പില്‍ എക്സ്‌പെന്‍ഡിചര്‍ സെക്രട്ടറിയായി സേവനം അനുഷ്‌ടിക്കുകയാണ്. രാധാ കൃഷ്‌ണ മാതുര്‍ പ്രതിരോധ സെക്രട്ടറിയായും ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിൾ 370 റദ്ദാക്കി രണ്ട് മാസത്തിനു ശേഷമാണ് ഈ പുതിയ തീരുമാനം. ജമ്മു കശ്‌മീരിനെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഈ മാസം 31-ന് നിലവില്‍ വരും.