മഹാത്മാഗാന്ധി ചേർത്തു പിടിച്ച രണ്ട് മൂല്യങ്ങൾ സത്യവും അഹിംസയുമായിരുന്നു. എതിരാളിയുടെ ഹൃദയം കീഴടക്കാനായി അദ്ദേഹം സത്യാഗ്രഹ പ്രസ്ഥാനത്തിൽ അവ വിജയകരമായി ഉപയോഗിച്ചു.
ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഉപകരണമായി അക്രമത്തെ സ്വീകരിക്കുന്ന സംഘടനകളും രാജ്യങ്ങളുമുണ്ട്. എന്നാൽ ജനാധിപത്യ പ്രക്രിയയിൽ പ്രശ്ന പരിഹരത്തിനായി ഇവരെല്ലാം സംഭാഷണം, പങ്കാളിത്തം എന്നിങ്ങനെയുള്ള അഹിംസാ രീതികളിലേക്ക് തിരിച്ചെത്തുന്നു.
അധികാരം ലഭിക്കുന്നതിനായി ഇന്ത്യൻ സർക്കാരുമായി ധാരണയിലെത്തുന്നതിൽ പരാജയപ്പെട്ട് നാഗ നാഷണൽ കൗൺസിലും നാഗാലാൻഡ് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിലും വിഘടന പ്രസ്ഥാനം ആരംഭിച്ചു. നാഗ ഫെഡറൽ സർക്കാർ നാഗ ഫെഡറൽ ആർമി എന്നിവയും രൂപീകരിച്ചു. നാഗകളും ഇന്ത്യൻ സായുധ സേനയും തമ്മിലുള്ള അക്രമ പരമ്പരകളിലൂടെ നാഗാലാൻഡ് കടന്നുപോയി. ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ എൻഎസ്‌സിഎൻ നേതാക്കൾ വിസമ്മതിച്ചു. പക്ഷെ അവസാനം ഇന്ത്യൻ സർക്കാരുമായി ഒത്തുതീർപ്പിലെത്താൻ നാഗ നേതൃത്വം തീരുമാനിച്ചു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രത്യേക ഭരണഘടനയും പതാകയും ആഗ്രഹിക്കുന്ന നാഗന്മാർ, ഇന്ത്യയുമായി സമാധാനപരമായ സഹവർത്തിത്വം എന്ന ആശയം അംഗീകരിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനത്തിൽ കൊറിയ രണ്ട് ഭാഗങ്ങളായി വിഭജിക്കുകയും അത് കൊറിയൻ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു. ഉത്തര കൊറിയയെ സോവിയറ്റ് യൂണിയനും ദക്ഷിണ കൊറിയയെ അമേരിക്കയും പിന്തുണച്ചു. ഉത്തര കൊറിയക്ക് ദക്ഷിണ കൊറിയയും അമേരിക്കയുമായി നീണ്ടകാല ശത്രുത നിലനിന്നു. ആണവ നിർവ്യാപന ഉടമ്പടി ലംഘിച്ച് ദക്ഷിണ കൊറിയക്കെതിരെ ആണവായുധങ്ങൾ വികസിപ്പിക്കാൻ ഉത്തര കൊറിയ തീരുമാനിച്ചു. എന്നാൽ പിന്നീട് പോരാട്ടം അവസാനിപ്പിക്കാനും കൊറിയൻ ഉപദ്വീപിലെ ആണവായുധ രഹിതമാക്കാനുമായി അടുത്തിടെ മൂന്ന് സർക്കാരുകളും നിരവധി ചർച്ചകൾ നടത്തി.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന കശ്മീർ വിഷയത്തെ ചുറ്റിപ്പറ്റി അമേരിക്കയുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചത് ഇപ്രകാരമാണ്.
"1947ന് മുമ്പ് ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചായിരുന്നു. പ്രശ്‌നം ചർച്ചചെയ്യാനും പരിഹരിക്കാനും കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്". ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചതിന് ശേഷമായിരുന്നു മോദിയുടെ ഈ പ്രതികരണം.
സിഖ് തീർഥാടകർക്ക് പാസ്‌പോർട്ടോ വിസയോ ഇല്ലാതെ പാകിസ്ഥാനിലേക്ക് പ്രവേശിക്കാനുള്ള സാഹിബ് കർതാർപൂർ ഗുരുദ്വാര ദർബാർ ഇടനാഴി തുറക്കാൻ സമ്മതിച്ചുകൊണ്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും നല്ലൊരു മാതൃക കാണിച്ചു.
നേപ്പാളിൽ രാജവാഴ്ച അവസാനിപ്പിക്കാനായി സമഗ്ര സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) പത്തുവർഷത്തെ ആഭ്യന്തര യുദ്ധത്തിന് അവസാനം കുറിച്ചു. അതിന്‍റെ മുഖ്യ നേതാവായിരുന്ന പുഷ്പ കമൽ ദഹാൽ രണ്ടുതവണ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) പ്രവർത്തകരായ അഖിലേന്ത്യാ കിസാൻ സഭയിലെ നാല്പതിനായിരത്തോളം കർഷകർ മഹാരാഷ്ട്രയിൽ വായ്പകളുടെയും വൈദ്യുതി ബില്ലുകളുടെയും പൂർണ്ണ ഇളവ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കൽ എന്നീ കാര്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം 180 കിലോമീറ്റർ സമാധാനപരമായി മാർച്ച് സംഘടിപ്പിച്ചു.