ആഹാര ക്രമത്തില്‍ ഗാന്ധിജി പാലിച്ച നിഷ്‌കർഷത അദ്ദേഹത്തിന്‍റെ ജീവിതചര്യയിലും ശൈലിയിലും വലിയ പുരോഗതിക്ക് കാരണമായി. സത്യാഗ്രഹത്തിൽ മാനസികവും ശാരീരികവുമായ ആരോഗ്യം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. സമരപോരാട്ടങ്ങളുടെ ഭാഗമായി കിലോമീറ്ററുകൾ നടക്കാൻ വളരെയധികം ഊർജസ്വലതയും ശാരീരികക്ഷമതയും ആവശ്യമാണ്. അദ്ദേഹത്തിന്‍റെ ഭക്ഷണശീലങ്ങളാണ് അതിന് വഴിയൊരുക്കിയത്.
1942-1944 കാലഘട്ടത്തിൽ പൂനൈയിലെ ആഗ ഖാൻ കൊട്ടാരത്തിൽ വച്ചാണ് ഗാന്ധിജി ആരോഗ്യപരമായ നുറുങ്ങുകൾ സമാഹരിച്ചത്. ഇത് സുശീല നായർ പിന്നീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തു. ആരോഗ്യകരമായ ജീവിതശൈലിയിൽ മനുഷ്യരെ ജീവിക്കാൻ പഠിപ്പിക്കുന്ന നിരവധി ഭാഗങ്ങളില്‍ നിന്നാണ് ഗാന്ധിജി ഇത്തരം കാര്യങ്ങൾ മനസിലാക്കിയത്. ഗാന്ധിജി തന്‍റെ ഭക്ഷണ ക്രമത്തിലൂടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിന് പ്രാധാന്യം നൽകിയിരുന്നതിനാൽ ഒരു യോഗിയുടെ ജീവിത രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. ഉപവാസം എന്നത് ഭക്ഷണം ഒഴിവാക്കുക എന്നല്ല അനാരോഗ്യകരമായ ഭക്ഷണങ്ങളിൽ നിന്നും സ്വയം പിന്തിരിയുക എന്നാണെന്ന് അദ്ദേഹം പഠിപ്പിച്ചു.
അദ്ദേഹം മനുഷ്യശരീരത്തെ വിശേഷിപ്പിച്ചത് ഭൂമി, വായു, വെള്ളം, വെളിച്ചം, ശൂന്യത എന്നീ ഘടനകൾ ചേർന്നതെന്നും, അതോടൊപ്പം അഞ്ച് പ്രവർത്തനേന്ദ്രിയങ്ങളായ കൈകൾ, പാദങ്ങൾ, വായ, മലദ്വാരം, ജനനേന്ദ്രിയം എന്നിവ ചേർന്നതാണെന്നുമായിരുന്നു. കൂടാതെ സ്‌പർശിക്കാൻ ത്വക്കും, ശ്വസിക്കാൻ മൂക്കും, രുചിക്കാൻ നാക്കും, കാണാൻ കണ്ണും, കേൾക്കാൻ ചെവിയും നൽകിയിട്ടുണ്ട്.