നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് ഭോപാൽ ബിജെപി സ്ഥാനാർഥി പ്രഗ്യാ സിങ് താക്കൂർ. ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് പറഞ്ഞു കൊണ്ടാണ് പ്രഗ്യ സിങ് പുതിയ വിവാദത്തിന് തുടക്കം വച്ചത്.
ഗോഡ്സെ രാജ്യസ്നേഹിയെന്ന് പ്രഗ്യാ സിങ് : ബിജെപി പ്രതിരോധത്തില്‍ - പ്രഗ്യാ സിങ് താക്കൂർ
ഗോഡ്സെ രാജ്യത്തെ ആദ്യ ഭീകരവാദിയെന്ന കമൽഹാസന്‍റെ പ്രസ്താവനക്കെതിരയാണ് പ്രഗ്യാ സിങ് ഗോഡ്സയെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.
"നാഥുറാം ഗോഡ്സെ ദേശഭക്തനായിരുന്നു, ആണ്, ആയിരിക്കും" എന്നാണ് പ്രഗ്യാ സിങ് മധ്യാപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അറിയിച്ചത്. രാജ്യത്തെ ആദ്യത്തെ ഭീകരവാദി ഗോഡ്സെയാണെന്ന് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽഹാസന്‍റെ പ്രസ്താവനയ്ക്കെതിരെയാണ് പ്രഗ്യയുടെ പ്രതികരണം. ഗോഡ്സെയെ ഭീകരവാദി എന്ന് വിളിക്കുന്നവർ സ്വയം ചിന്തിക്കണമെന്നും, അങ്ങനെ ഉള്ളവർക്ക് ഈ തെരഞ്ഞെടുപ്പിൽ തക്കതായ മറുപടി ലഭിക്കുമെന്നും പ്രഗ്യാ കൂട്ടിച്ചേർത്തു.
ഗോഡ്സെ സ്തുതിക്ക് പിന്നാലെ പ്രഗ്യ സിങിനെ തള്ളി ബിജെപി രംഗത്തെത്തി. പ്രഗ്യായുടെ നിലപാട് പാർട്ടിയുടേതല്ലെന്നും, മാപ്പ് പറയണമെന്നും പാർട്ടി വക്താവ് ജിവിഎൽ നരസിംഹ റാവു അറിയിച്ചു. പ്രഗ്യക്കെതിരെ കോൺഗ്രസും രംഗത്തെത്തി. ഗാന്ധിയെയും, രാജ്യത്തിനായി ജിവൻ വെടിഞ്ഞവരെയും ബിജെപിഅപകീർത്തിപ്പെടുത്തുന്നു എന്ന് കോൺഗ്രസ് നേതാവ് രണ്‍ധീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തി. പ്രഗ്യയുടെ പ്രസ്തവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും മാപ്പ് പറയണമെന്ന് ഭോപാലിലെ കോൺഗ്രസ് സ്ഥാനാർഥി ദിഗ് വിജയ് സിങ് പറഞ്ഞു.