ന്യൂഡല്‍ഹി:ഇന്ത്യയുടെ ഏറ്റവും പുതിയ ചാര ഉപഗ്രഹം റിസാറ്റ് രണ്ട് ബിആര്‍ ഒന്ന് ഉള്‍പ്പെടെയുള്ള പത്ത് ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടുള്ള പിഎസ്‌എല്‍വി സി 48 റോക്കറ്റിന്‍റെ വിക്ഷേപണത്തിന് സജ്ജമായി ഇസ്രോ. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കുന്ന റോക്കറ്റിന്‍റെ രണ്ടാം ഘട്ടമായ ഇന്ധനം നിറക്കല്‍ പൂര്‍ത്തിയായെന്ന് ഇസ്രോ ട്വിറ്ററിലൂടെ അറിയിച്ചു.
പിഎസ്‌എല്‍വി സി 48 വിക്ഷേപണം; ഇന്ധനം നിറക്കല്‍ പൂര്‍ത്തിയായെന്ന് ഇസ്രോ - ഇസ്രോ
പിഎസ്‌എല്‍വി ശ്രേണിയിലെ അമ്പതാമത് വിക്ഷേപണമായ പിഎസ്‌എല്‍വി സി 48 ചരിത്രസംഭവമാണെന്ന് ഇസ്രോ ചെയർമാൻ ഡോ. കെ.ശിവൻ.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25നാണ് വിക്ഷേപണം. പിഎസ്‌എല്‍വി ശ്രേണിയിലെ അമ്പതാമത് വിക്ഷേപണമായ പിഎസ്‌എല്‍വി സി 48 ചരിത്രസംഭവമാണെന്ന് ഇസ്രോ ചെയർമാൻ ഡോ. കെ.ശിവൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപഗ്രഹ വിക്ഷേപണത്തിന് മുന്നോടിയായി ഇസ്രോ ചെയർമാൻ ചൊവ്വാഴ്ച രാവിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ പ്രാർഥന നടത്തിയിരുന്നു. ശ്രീഹരിക്കോട്ടയില്‍ നിന്നുമുള്ള 75ാമത് വിക്ഷേപണം കൂടിയാണിത്.
യുഎസ്‌എ, ജപ്പാന്‍, ഇറ്റലി, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. ഇതുവരെ 310 വിദേശ ഉപഗ്രഹങ്ങൾ ഇസ്രോ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. ഈ വിക്ഷേപണം കൂടി വിജയത്തിലെത്തിയാല്‍ ഇത് 319 എണ്ണമായി ഉയരും.