റാഞ്ചി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇനി 'മേക്ക് ഇന്‍ ഇന്ത്യ'യാണെന്നായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്. പക്ഷേ ഇന്ന് എവിടെ നോക്കിയാലും 'റേപ്പ് ഇന്‍ ഇന്ത്യ'യാണ്. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എന്നാല്‍ അവൾക്ക് അപകടം പറ്റിയപ്പോൾ നരേന്ദ്ര മോദി ഒരു വാക്കുപോലും സംസാരിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജാര്‍ഖണ്ഡിലെ ഗോഡയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മേക്ക് ഇന്‍ ഇന്ത്യയില്‍ നിന്നും റേപ്പ് ഇന്‍ ഇന്ത്യയിലേക്ക്'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ഭയപ്പെടുന്ന ഇന്ത്യയെയാണ് മോദിക്കാവശ്യം. ജാതിയുടെയും മതത്തിന്‍റെയും ദേശത്തിന്‍റെയും പേരില്‍ ആളുകളെ വിഭജിച്ചാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്നും രാഹുല്‍ ഗാന്ധി
പെണ്‍കുട്ടികളെ സംരക്ഷിക്കാനാണ് നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍ ആരില്‍ നിന്നാണ് അവരെ സംരക്ഷിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നില്ല, യഥാര്‍ഥത്തില്‍ ബിജെപി എംഎല്‍എയില്‍ നിന്നുമാണ് അവരെ രക്ഷിക്കേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മാധ്യമങ്ങൾക്കെതിരെയും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളില്‍ 24 മണിക്കൂറും മോദിയുടെ മുഖമാണ്. ഹേമന്ത് സോറനെയോ രാഹുല്‍ ഗാന്ധിയെയോ ഒരിക്കലും നിങ്ങൾക്കതില്‍ കാണാന്‍ സാധിക്കില്ല. മാധ്യമങ്ങൾ പ്രവര്‍ത്തിക്കുന്നത് കര്‍ഷകര്‍ക്ക് വേണ്ടിയോ തൊഴിലാളികൾക്ക് വേണ്ടിയോ ഒന്നുമല്ല, മറിച്ച് അവ മോദിയുടെ മുതലാളിമാര്‍ക്ക് വേണ്ടിയുള്ളതാണ്. ഇന്ത്യയിലെ വ്യവസായ ഭീമന്മാരുടേതാണ് മാധ്യമങ്ങൾ. അവ ഒരിക്കലും രാഹുല്‍ ഗാന്ധിയുടെ മുഖം അതില്‍ ദൃശ്യമാക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
ഭയപ്പെടുന്ന ഇന്ത്യയെയാണ് മോദിക്കാവശ്യം. ദുര്‍ബലരും വിഭജിക്കപ്പെട്ടവരുമായ ജനതയെയാണ് അദ്ദേഹത്തിന് വേണ്ടത്. ജാതിയുടെയും മതത്തിന്‍റെയും ദേശത്തിന്‍റെയും പേരില്‍ ആളുകളെ വിഭജിച്ചാണ് മോദി പ്രധാനമന്ത്രിയായതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ജാര്‍ഖണ്ഡിലെ നാലാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ പതിനാറിന് നടക്കും. ഇരുപതിനാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ്. ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് വോട്ടെണ്ണല്‍.