ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും എട്ട് ലക്ഷം മെട്രിക് ടൺ (എം.ടി) അധിക ഭക്ഷ്യധാന്യങ്ങൾ അനുവദിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് എട്ട് കോടി അതിഥി തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും 15 ദിവസങ്ങൾക്കുള്ളിൽ വിതരണം ചെയ്യുമെന്ന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാൻ അറിയിച്ചു. ധനമന്ത്രി നിർമലാ സീതാരാമൻ വ്യാഴാഴ്‌ച പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായാണ് സൗജന്യമായി ഭക്ഷ്യധാന്യ വിതരണം നടത്തുന്നത്.
ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന്‍റെ ഉത്തരവാദിത്തം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എഫ്.സി.ഐ) നൽകിയിട്ടുണ്ടെന്നും രാം വിലാസ് പാസ്വാൻ പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് മെയ് 15 മുതൽ ആരംഭിച്ചു കഴിഞ്ഞു. പൊതുവിതരണ സമ്പ്രദായത്തിന്‍റെ കീഴിൽ സംസ്ഥാന സർക്കാരുകൾ റേഷൻ വിതരണം ചെയ്യണം. രാജ്യത്ത് ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമില്ലെന്നും എഫ്‌സിഐയിൽ 671 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളുടെ ശേഖരണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
23 സംസ്ഥാനങ്ങളിൽ നിന്നുമായി 67 കോടി ഗുണഭോക്താക്കൾക്കായി 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' പദ്ധതി നടപ്പാക്കുമെന്നും ഇതുവഴി രാജ്യത്തെ 83 ശതമാനം ജനങ്ങളെ പദ്ധതിയിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പറഞ്ഞു. തുടർന്ന്, 2021 മാർച്ചോടെ ഈ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കും. ഇന്ത്യയുടെ ഏതു ഭാഗത്ത് താമസിക്കുന്ന പൗരനും ഒരു റേഷൻ കാർഡ് ഉപയോഗിച്ച് രാജ്യത്തെ ഏത് സര്‍ക്കാരിന്‍റെ കീഴിൽ നിന്നും റേഷൻ ലഭ്യമാകും എന്നതാണ് 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' വഴി നടപ്പിലാക്കുന്നത്. ലോക്ക് ഡൗൺ മൂലം മാർച്ച് മാസം മുതൽ വരുമാനമില്ലാതെ കഷ്‌ടപ്പെടുന്ന കുടിയേറ്റക്കാർക്ക് ഇത് വലിയ സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിഥി തൊഴിലാളികളുടെ എണ്ണം കണക്കുപ്രകാരമുള്ള എട്ട് കോടിയിൽ നിന്നും കവിയുന്നെങ്കിൽ, അവർക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാനും കേന്ദ്രം തയ്യാറാണ്. എന്നാൽ, ഇതിനെ സ്ഥിരീകരിക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണെന്നും രാം വിലാസ് പാസ്വാൻ വീഡിയോ കോൺഫറൻസിലൂടെ മാധ്യമങ്ങളോട് വിശദീകരിച്ചു. കർണാടക ഗവൺമെന്‍റ് ഇതിനകം തന്നെ ധാന്യങ്ങൾ കേന്ദ്രത്തിൽ നിന്നും സ്വീകരിച്ചു കഴിഞ്ഞു. മെയ് 18 മുതൽ മധ്യപ്രദേശും ധാന്യവിതരണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ഗോഡൗണുകളിൽ നിന്ന് ധാന്യം ശേഖരിക്കുമെന്ന് കേരളവും അറിയിച്ചിട്ടുണ്ട്.