ഭോപ്പാല്‍: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കി മാതൃകയാവുകയാണ് മധ്യപ്രദേശിലെ പാര്‍വതി മാതുരിയ എന്ന വനിത. പാര്‍വതി സ്വന്തം ചെലവില്‍ കുട്ടികൾക്ക് വിദ്യാഭ്യാസം നല്‍കാൻ തുടങ്ങിയിട്ട് 32 വര്‍ഷം പിന്നിടുന്നു. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സ്‌കൂൾ പ്രവര്‍ത്തിക്കുന്നത്. കുടുംബത്തില്‍ തന്നെയുള്ള ഭിന്നശേഷിക്കാരുടെ ജീവിതം കണ്ട് മനസിലാക്കിയാണ് പാര്‍വതി ഈ രംഗത്തേക്ക് ഇറങ്ങുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം; മാതൃകയായി പാര്‍വതി മാതുരിയ - മധ്യപ്രദേശ്
1992ല്‍ കുടുംബത്തിന്‍റെ സഹായത്തോടെയാണ് പാര്‍വതി മാതുരിയ 'സിദ്ധാന്ത്' എന്ന പേരില്‍ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സ്‌കൂൾ ആരംഭിച്ചത്
സർക്കാർ സ്‌കൂൾ അധ്യാപികയായിരുന്ന പാർവതി മാതുരിയ വിവാഹ ശേഷം ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് 1992ലാണ് കുടുംബത്തിന്‍റെ സഹായത്തോടെ പാര്‍വതി 'സിദ്ധാന്ത്' എന്ന പേരില്‍ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സ്‌കൂൾ ആരംഭിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നല്‍കുക, അവരെ മുഖ്യധാരയിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച സംരംഭത്തിന് തുടക്ക കാലത്ത് ഏറെ ബുദ്ധിമുട്ടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. തുടക്കത്തില്‍ ഏഴ് കുട്ടികൾ മാത്രമായാണ് ആരംഭിച്ചതെങ്കിലും പിന്നീട് നിരവധി പേര്‍ മുന്നോട്ടെത്തിയെന്ന് പാര്‍വതി പറയുന്നു. 32 വര്‍ഷത്തിനിടയില്‍ 350ഓളം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികൾ പാര്‍വതിയുടെ സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇവരില്‍ 60ഓളം കുട്ടികൾ ഇന്ന് വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നവരും സ്വന്തമായി സംരംഭങ്ങൾ നടത്തുന്നവരുമാണ്. സിദ്ധാന്തിലെത്തുന്ന കുട്ടികൾക്ക് ജീവിത വിജയം നേടാൻ വേണ്ട എല്ലാ വിഷയങ്ങളിലും അറിവ് പകര്‍ന്ന് നല്‍കാൻ പാര്‍വതി മാതുരിയ ശ്രമിക്കുന്നുണ്ട്.