ന്യൂഡൽഹി : കൊവിഡ് 19 വ്യാപനം ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും റാഫേൽ യുദ്ധ വിമാനങ്ങൾ യഥാസമയം വിതരണം ചെയ്യാൻ ഫ്രാൻസ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
ചൊവ്വാഴ്ച ഫ്രഞ്ച് സായുധ മന്ത്രി ഫ്ലോറൻസ് പാർലിയുമായി ടെലിഫോണിക് സംഭാഷണം നടത്തിയ ശേഷമാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. ടെലിഫോണിക് സംഭാഷണത്തിനിടെ, ഇരു നേതാക്കളും കൊവിഡ് 19ന്‍റെ സാഹചര്യവും പ്രാദേശിക സുരക്ഷയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ഫ്രാൻസ് സമ്മതിച്ചതായി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
കൊവിഡ് 19 മഹാമാരിക്കെതിരെ പോരാടുന്നതിന് ഇന്ത്യയുടെയും ഫ്രാൻസിന്‍റെയും സായുധ സേന നടത്തിയ ശ്രമങ്ങളെ ഇരുവരും അഭിനന്ദിച്ചു. വെല്ലുവിളികൾക്കിടയിലും റാഫേൽ വിമാനം യഥാസമയം വിതരണം ചെയ്യുമെന്ന് ഫ്രാൻസ് സ്ഥിരീകരിച്ചതായും അദേഹം ട്വീറ്റ് ചെയ്തു.
ആദ്യത്തെ നാല് റാഫേൽ യുദ്ധവിമാനങ്ങൾ ഈ വർഷം ജൂലൈ അവസാനത്തോടെ ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തും. വിമാനങ്ങൾ മെയ് അവസാനത്തോടെ എത്തിക്കാമെന്ന് കരുതിയിരുന്നുവെങ്കിലും ഇന്ത്യയിലെയും ഫ്രാൻസിലെയും കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ട് മാസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 36 റാഫേലുകൾക്കായി 2016 സെപ്റ്റംബറിൽ ഇന്ത്യ ഫ്രാൻസുമായി 60,000 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു.