ന്യൂഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രതിപക്ഷത്തിന്‍റെയും എതിര്‍പ്പ് അവഗണിച്ച് പദ്ധതിക്ക് അനുമതി നല്‍കിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി ദുരന്തത്തെ ക്ഷണിക്കുകയാണ്. 1983 സൈലന്‍റ് വാലി പദ്ധതി റദ്ദാക്കിയതിലൂടെ ഇന്ദിര ഗാന്ധി പശ്ചിമഘട്ടത്തെ രക്ഷിച്ചു. പരിസ്ഥിതിയോടുള്ള ആ പ്രതിബദ്ധതയും കരുതലും ധൈര്യവും ഇന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി പരിസ്ഥിതി ദുരന്തത്തിലേക്ക് നയിക്കുമെന്ന് ജയറാം രമേശ്
1983 സൈലന്‍റ് വാലി പദ്ധതി റദ്ദാക്കിയതിലൂടെ ഇന്ദിര ഗാന്ധി പശ്ചിമഘട്ടത്തെ രക്ഷിച്ചു. പരിസ്ഥിതിയോടുള്ള ആ പ്രതിബദ്ധതയും കരുതലും ധൈര്യവും ഇന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു.
പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ലിയോ സൽദാൻഹ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ധനമന്ത്രി തോമസ് ഐസക്കിന്‍റെയും തീരുമാനം ഞെട്ടലുണ്ടാക്കി. തീരുമാനം എത്രയും പെട്ടന്ന് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം കൊവിഡിനെതിരെ മികച്ച രീതിയില്‍ പോരാടുന്നുണ്ട്. ചാലക്കുടിയെ സംരക്ഷിക്കാനും സംസ്ഥാനത്തിന് കഴിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കിയതിന് പിന്നാലെ സാമ്പത്തിക-സാങ്കേതിക-പാരിസ്ഥിതിക അനുമതിക്കായുള്ള നടപടികള്‍ വീണ്ടും തുടങ്ങാന്‍ എന്‍.ഒ.സി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് ഊര്‍ജ വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.