അസം: മുന്‍ രാഷ്ട്രപതിയുടെ ബന്ധുക്കൾ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്തായി. അഞ്ചാമത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്‍റെ അനുജന്‍ ഇത്രാമുദ്ദീന്‍ അലി അഹമ്മദിന്‍റെ മകന്‍ സിയാവുദ്ദീന്‍ അലി അഹമ്മദ് അടക്കം എട്ടുപേരാണ് പുറത്തായത്. കാംപൂർ ജില്ലയിലെ രാന്‍ഗിയ നിവാസികളാണ് കുടുംബാംഗങ്ങൾ. ഇത്രാമുദ്ദീന്‍ അലി അഹമ്മദിന്‍റെ പേര് ചില സർക്കാർ രേഖകളില്‍ ഇക്ക്റാമെന്ന് തെറ്റായി രേഖപ്പെടുത്തിയത് കാരണം കുടുംബാംഗങ്ങൾക്ക് എന്‍ആർസിയില്‍ അപേക്ഷ നല്‍കാന്‍ സാധിച്ചില്ല.
മുന്‍ രാഷ്ട്രപതിയുടെ ബന്ധുക്കൾ എന്‍ആർസിയില്‍ നിന്നും പുറത്ത് - മുന്‍ രാഷ്ട്രപതിയുടെ ബന്ധുക്കൾ എന്‍ ആർ സിയില്‍ നിന്നും പുറത്ത്
ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്തായത് മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്‍റെ ബന്ധുക്കളായ എട്ട് പേർ.
സർക്കാർ രേഖകളിലെ തെറ്റ് തിരുത്താനായി കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ നല്‍കേണ്ട സമയ പരിധിക്കുള്ളില്‍ കേസ് പൂർത്തിയാക്കാനുമായില്ല. ഇതോടെ എന്‍ആർസി മുമ്പാകെ തെളിവ് ഹാജരാക്കാനാകാതെ വന്ന കുടുംബാംഗങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താവുകയായിരുന്നു. 3.11 കോടി ആളുകൾ രജിസ്റ്ററില്‍ ഉൾപ്പെടുകയും 19 ലക്ഷത്തില്‍ അധികം പേർ രജിസ്റ്ററില്‍ നിന്നും പുറത്താവുകയും ചെയ്തു. പുറത്തായവർ 120 ദിവസത്തിനുള്ളില്‍ ഫോറിന്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കണമെന്നണ് അധികൃതർ വ്യക്തമാക്കുന്നത്. 1974 മുതല്‍ 1977 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു ഫക്രുദ്ദീന്‍ അലി അഹമ്മദ്.