ന്യൂഡല്‍ഹി:മുതിർന്ന ബി.ജെ.പി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സുഷമാ സ്വരാജ് അന്തരിച്ചു - സുഷമ സ്വരാജ്
ഹൃദയാഘാതത്തെ തുടർന്നാണ് മരണം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു
![സുഷമാ സ്വരാജ് അന്തരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4062736-60-4062736-1565115100623.jpg)
2014-2019 കാലത്ത് മോദി സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള നീക്കത്തിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ വനിതാ മുഖമായി അറിയപ്പെടുന്ന സുഷമ ആരോഗ്യപ്രശ്നങ്ങളാലാണ് പുതിയ മന്ത്രിസഭയിൽ നിന്നും വിട്ടുനിന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും സുഷമ മത്സരിച്ചിരുന്നില്ല. ഡൽഹിയിലെ ആദ്യ വനിത മുഖ്യമന്ത്രിയായിരുന്നു. ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു സുഷമാ സ്വരാജ്.
ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്‌സഭയിലെത്തിയതു സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയിൽ നിന്നായിരുന്നു ലോക്‌സഭാ വിജയം. ഹരിയാനയിലെ കർണാൽ ലോക്‌സഭാ മണ്ഡലത്തിൽ ’80, ’89 തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ചരിത്രവും സുഷമയ്‌ക്കുണ്ട്. രാജ്യത്ത് ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം. ഹരിയാനയിലുള്ള പാൽവാൽ എന്ന സ്ഥലത്താണ് സുഷമാ സ്വരാജ് ജനിച്ചത്. അച്ഛൻ ഹർദേവ് ശർമ്മ അറിയപ്പെടുന്ന ഒരു ആർ.എസ്.എസ് പ്രവർത്തകനായിരുന്നു.