ബെംഗളൂരു: മൺസൂണിൽ കർണാടകയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായതോടെ ബിഎസ് യെഡിയൂരപ്പ സർക്കാരിനെ ട്വിറ്ററിലൂടെ ആക്രമിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ദിവസങ്ങളായി പെയ്യുന്ന മഴ സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചതായും ദുരിതത്തിലായ ജനങ്ങളുടെ സഹായത്തിനെത്തേണ്ട സർക്കാർ നേക്കുകുത്തികളാവുകയാണെന്നും സംസ്ഥാനത്ത് സർക്കാർ ഉണ്ടോ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തീര പ്രദേശങ്ങളിൽ മാത്രമല്ല വടക്കൻ കർണാടകയും വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നുണ്ടെന്നും ഗവൺമെന്‍റ് ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.
മുഖ്യമന്ത്രി കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലാണെന്നും സംസ്ഥാന റവന്യൂ മന്ത്രി ക്വാറന്‍റൈനിൽ പ്രവേശിച്ചതായും അതുകൊണ്ട് ബ്രഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കമ്മീഷണർമാർക്ക് റവന്യൂ വകുപ്പിന്‍റെ അധിക ചുമതല സർക്കാർ നൽകിയതായും അദ്ദേഹം പറഞ്ഞു. ഇത് വെള്ളപ്പൊക്കത്തിന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ബി എസ് യെഡിയൂരപ്പ ഇത് ശ്രദ്ധിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.