ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകൾ ഉള്ള കാലത്തോളം ഓർമ്മയില്‍ നില്‍ക്കുന്ന പേരാണ് തിരുനെല്ലായ് നാരായണ അയ്യർ ശേഷൻ എന്ന ടിഎൻ ശേഷൻ. രാജ്യത്തെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി 1990 ഡിസംബർ 12 നാണ് ടി.എൻ ശേഷൻ സ്ഥാനമേൽക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമാക്കിയത് മുതൽ വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ്, സ്ഥാനാർഥികളുടെ ചെലവുകൾക്ക് പരിധി, തെരഞ്ഞെടുപ്പ് വേളയിൽ മദ്യവിൽപന, പണവിതരണം എന്നിവ തടയൽ, പ്രചാരണങ്ങളിൽ ഉച്ചഭാഷണികൾക്കു നിയന്ത്രണം, ജാതിയുടെയും മതത്തിന്‍റെയും പേരിൽ വോട്ടു ചോദിക്കുന്നതിനു വിലക്ക്, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തടയൽ, തെരഞ്ഞെടുപ്പ് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തൽ, തെരഞ്ഞെടുപ്പു കമ്മിഷനെ ബാഹ്യ ഇടപെടലുകളിൽ നിന്നു മുക്തമാക്കുക തുടങ്ങി ടിഎൻ ശേഷൻ തെരഞ്ഞെടുപ്പിൽ കൊണ്ടുവന്ന മാറ്റങ്ങൾ ഒട്ടേറെയാണ്. 1996 ഡിസംബർ 11 വരെയാണ് തിരുനെല്ലായ് നാരായണ അയ്യർ ശേഷൻ എന്ന ടിഎൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി പ്രവർത്തിച്ചത്.
പാലക്കാട് ജില്ലയിലെ തിരുനെല്ലായ് ഗ്രാമത്തിൽ 1932 ഡിസംബർ 15നായിരുന്നു ജനനം. പിതാവ് അഭിഭാഷകനായിരുന്ന നാരായണ അയ്യർ. അമ്മ സീതാലക്ഷ്മി. 1955 ൽ ഐഎഎസ് നേടിയ ശേഷൻ 1956–ൽ കോയമ്പത്തൂർ അസിസ്റ്റന്‍റ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പരിശീലനം കഴിയുന്നതിന് മുമ്പുതന്നെ സബ്‌കലക്ടറായി പ്രമോഷൻ. തമിഴ്നാട് ഗ്രാമവികസന വകുപ്പിൽ അണ്ടർസെക്രട്ടറിയായും മധുരയിൽ കലക്ടറായും പ്രവർത്തിച്ചു.
1962ൽ തമിഴ്നാട് ട്രാൻസ്പോർട്ട് ഡയറക്ടറായി നിയമിതനായി. തമിഴ്നാട് വ്യവസായ വകുപ്പിലും കൃഷി വകുപ്പിലും സെക്രട്ടറിയായിരുന്നു. 1968–ൽ കേന്ദ്രസർവീസിലെത്തി. അണുശക്തി വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായും ഡയറക്ടറായും പ്രവർത്തിച്ചു. എണ്ണ പ്രകൃതിവാതകം, ശൂന്യാകാശം, വനംവന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചു. 1986ൽ പ്രധാനമന്ത്രി രാജീവ്ഗാന്ധി തന്‍റെ സുരക്ഷയുടെ ചുമതലുള്ള സെക്രട്ടറിയായി ശേഷനെ നിയമിച്ചു. 1988ൽ പ്രതിരോധ സെക്രട്ടറിയായി. 1989 മാർച്ച് മുതൽ ഡിസംബർ വരെ കാബിനറ്റ് സെക്രട്ടറിയായിരുന്നു. വിപി സിംഗ് പ്രധാനമന്ത്രിയായപ്പോൾ ശേഷനെ ആസൂത്രണ കമ്മീഷനിലേക്ക് മാറ്റി.