അമരാവതി: വൈഎസ്‌ആർസിപി നേതാവിന്‍റെ കൊലപാതകക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മന്ത്രിയെ അറസ്റ്റ് ചെയ്‌തു. ടിഡിപി നേതാവും മുൻ മന്ത്രിയുമായ കൊള്ളു രവീന്ദ്രയാണ് അറസ്റ്റിലായത്. വിശാഖപട്ടണത്തിലേക്ക് പോകുന്ന വഴിക്ക് ഈസ്റ്റ് ഗോദാവരിയിൽ നിന്നാണ് മുൻ മന്ത്രിയെ അറസ്റ്റ് ചെയ്‌തത്. ശേഷം വിജയവാഡയിലേക്ക് കൊണ്ടുവന്നു. ഗതാഗത മന്ത്രി പെർനി വെങ്കടരാമയ്യയുടെ അടുത്ത അനുയായി എം. ഭാസ്‌കർ റാവുവാണ് കൊല്ലപ്പെട്ടത്. മച്ചിലിപ്പട്ടണത്തിലെ മാർക്കറ്റിൽ വച്ച് നാലുപേർ ചേർന്നാണ് ഭാസ്‌കർ റാവുവിനെ കൊന്നത്. ഭാസ്‌കർ റാവുവിന്‍റെ ബന്ധുക്കളുടെ പരാതിയിലാണ് കൊള്ളു രവീന്ദ്രയെക്കെതിരെ കേസെടുത്തത്. കൊലപാതകത്തിന്‍റെ ഗൂഢാലോചനക്ക് പിന്നിൽ രവീന്ദ്രയാണെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഭാസ്‌കർ റാവുവിന്‍റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതിനുമുമ്പ് തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വൈഎസ്ആർസിപി നേതാവിന്‍റെ കൊലപാതകം; മുൻ മന്ത്രി അറസ്റ്റിൽ - ഭാസ്‌കർ റാവു
ടിഡിപി നേതാവും മുൻ മന്ത്രിയുമായ കൊള്ളു രവീന്ദ്രയാണ് അറസ്റ്റിലായത്. ഗതാഗത മന്ത്രി പെർനി വെങ്കടരാമയ്യയുടെ അടുത്ത അനുയായി എം. ഭാസ്‌കർ റാവുവാണ് കൊല്ലപ്പെട്ടത്
രവീന്ദ്രയുടെ അറസ്റ്റിനെ ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അപലപിച്ചു. പ്രാഥമിക അന്വേഷണം പോലും നടത്താതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത് വൈഎസ്ആർ കോൺഗ്രസിന്‍റെ രാഷ്‌ട്രീയ പകയുടെ ഭാഗമാണ്. മുമ്പൊരിക്കലും നേതാക്കന്മാർക്കെതിരെ തെറ്റായ കേസുകൾ ഉണ്ടായിട്ടില്ല. ഇത്രയധികം നേതാക്കളെ ജയിലിലടക്കുന്നത് ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. വൈഎസ്ആർസിപി പ്രതികാരമനോഭാവം സ്വീകരിക്കുകയാണ്. അച്ചന്നൈഡു, അയന്നപത്രുഡു, യനമല രാമകൃഷ്‌ണുഡു, കൊള്ളു രവീന്ദ്ര എന്നിവർക്കെതിരെയാണ് കള്ളക്കേസുകള്‍ ചുമത്തിയിരിക്കുന്നത്. രവീന്ദ്രയുടെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് ചന്ദ്രബാബു നായിഡു ഉറപ്പ് നൽകി.