ന്യൂഡല്‍ഹി: കൊവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കര്‍ഷകരെയും പാവപ്പെട്ടവരേയും സാരമായി ബാധിച്ചെന്ന് കോണ്‍ഗ്രസ് ജനല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍ പ്രദേശിലെ കര്‍ഷകരുടെ സ്ഥിതി അതീവ ഗുരുതരമാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്ക ഗാന്ധി കത്തെഴുതി. സാമ്പത്തിക കാര്യങ്ങള്‍ പഠിക്കാനായി 'ഇക്കണോമിക് റീകണ്‍സ്ട്രക്ഷന്‍ ടാസ്ക് ഫോഴ്സിനെ' നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
യു.പിയില്‍ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ നടപ്പാക്കണമെന്ന് പ്രിയങ്ക ഗാന്ധി - കര്‍ഷകര്‍
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്ക ഗാന്ധി കത്തെഴുതി. സാമ്പത്തിക കാര്യങ്ങള്‍ പഠിക്കാനായി 'ഇക്കണോമിക് റീകണ്‍സ്ട്രക്ഷന്‍ ടാസ്ക് ഫോഴ്സിനെ' നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില താളം തെറ്റി. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരും സാമ്പത്തികമായി തകര്‍ന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഗ്ലാസ്, പിച്ചള, പരവതാനി, നെയ്ത്ത്, ഫർണിച്ചർ, തുകൽ, ക്ഷീര, മൺപാത്രങ്ങൾ, മത്സ്യബന്ധനം തുടങ്ങിയ ആഭ്യന്തര ചെറുകിട വ്യവസായ മേഖലകള്‍ പൂര്‍ണ്ണമായും തകർന്ന നിലയാണ്. കര്‍ഷകര്‍ക്ക് വിളവെടുപ്പ് നടത്താന്‍ കഴിയാത്തതും വിള നശിക്കാന്‍ കാരണമാകുന്നുണ്ട്. പൊലീസിനെ ഭയന്ന് കര്‍ഷകര്‍ രാത്രിയിലാണ് കൊയ്ത്ത് നടത്തുന്നത്. കരിമ്പ് കര്‍ഷകരും കടുത്ത പ്രതിസന്ധിയിലാണ്. കരിമ്പ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു .
കര്‍ഷകരില്‍ നിന്നും കരിമ്പ് ശേഖരിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനം ഒരുക്കണം . കുടിയേറ്റ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളോ സഹായങ്ങളോ ലഭിക്കുന്നില്ല. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ അരി പോലു ലഭിക്കാത്ത അവസ്ഥയാണെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ സൂചിപ്പിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി.എ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള 611 കോടിയുടെ കുടിശ്ശിക ഉടന്‍ നല്‍കണമെന്നും നിലവിലെ സംസ്ഥാനത്തിന്‍റെ അവസ്ഥ സാമ്പത്തിക അടിയന്തരാവസ്ഥക്ക് സമമാണെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ പറഞ്ഞു.