പ്രളയത്തില്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടം - അസമിൽ പ്രളയം
അരുണാചൽ പ്രദേശിൽ രണ്ട് പേർ മരിച്ചു. അസമിൽ4,340 ഹെക്ടർ കൃഷിഭൂമി നശിച്ചു
ഇറ്റാനഗർ: അരുണാചൽ പ്രദേശിലും അസമിലും ശക്തമായ മഴയെ തുടർന്ന് പ്രളയം. അരുണാചൽ പ്രദേശിലെ ലെപ റഡയിൽ പ്രളയത്തെ തുടർന്ന് രണ്ട് പേർ മരിച്ചതായി സംസ്ഥന ദുരന്തനിവാരണ സേന അറിയിച്ചു. സംസ്ഥാനത്ത് ലെപ റഡ, വെസ്റ്റ് സിയാങ്, സിയാങ്, ഈസ്റ്റ് സിയാങ് എന്നിവിടങ്ങളിൽ പ്രളയം അതിതീവ്രമായി ബാധിച്ചതായാണ് റിപ്പോർട്ട്. പ്രദേശങ്ങളിലെ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. പാലങ്ങളും റോഡുകളും വെള്ളത്തിനടിയിലായി.
അസമിൽ മൂന്ന് ജില്ലകളിലായി 33,200 പേരെയാണ് പ്രളയം ബാധിച്ചത്. കിഴക്കൻ അസമിലെ ടിൻസുഖിയ, ലഖിംപൂർ, ദീമാജി ജില്ലകളിലാണ് പ്രളയത്തെ തുടർന്ന് വൻ നാശനഷ്ടമുണ്ടായത്. ജോർപൂരിലും സൊനിറ്റ്പൂരിലും ഭ്രഹ്മപുത്രയും ജയ് ഭാരതി നദിയും കരകവിഞ്ഞൊഴുകുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ 4,340 ഹെക്ടർ കൃഷിഭൂമി നശിച്ചു. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ 116 പേരാണ് അസമിൽ മരിച്ചത്.