ഗുവഹത്തി: പ്രളയത്തിൽ നിന്ന് അസം കരകയറുന്നു. സംസ്ഥാനത്തെ 15 ജില്ലകളിലെ നാല് ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. തിങ്കളാഴ്ച നാഗാവോൺ ജില്ലയിലെ റാഹയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു. ഇതോടെ സംസ്ഥാനത്തുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 62 പേർക്ക് ജീവൻ നഷ്ടമായി. 38 പേർ വെള്ളപ്പൊക്കത്തിൽ മരിച്ചപ്പോൾ 24 പേർക്ക് മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായി.
പ്രളയത്തിൽ നിന്ന് അസം കരകയറുന്നു - നാഗാവോൺ ജില്ല
തിങ്കളാഴ്ച നാഗാവോൺ ജില്ലയിലെ റാഹയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു.
അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ കണക്ക് പ്രകാരം ധമാജി, ശിവസാഗർ, ബിശ്വനാഥ്, ചിരംഗ്, നൽബാരി, ബാർപേട്ട, കൊക്രാജർ, ദൂബ്രി, ഗോൾപാറ, കമ്രൂപ്, മോറിഗാവ്, നാഗോൺ, ഗോലഘട്ട്, ജോർഹട്ട്, ടിൻസുകിയ ജില്ലകളിലെ 3.86 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. 2.23 ലക്ഷത്തോളം ആളുകൾ ദുരിതമനുഭവിക്കുന്ന ജില്ലയാണ് ബാർപേട്ട. ഗോൽപാറയിലെ 68,500ലധികം ആളുകളെയും ദുബ്രിയിലെ 27,000ത്തിലധികം ആളുകളെയുമാണ് വെള്ളപ്പൊക്കം ബാധിച്ചത്.
നിലവിൽ 647 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 32,215.39 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. ആറ് ജില്ലകളിലെ 76 ദുരിതാശ്വാസ ക്യാമ്പുകളിലായി 4,226 പേർ അഭയം പ്രാപിക്കുന്നു. ജോർഹത്തിലെ നിമാതിഘട്ടിലും ദൂബ്രിയിലും ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകുകയാണ്. ഗോൽപാറ, ശിവസാഗർ, ഉദൽഗുരി, ധേമാജി, ബക്സ, ദിബ്രുഗഡ്, മജുലി ജില്ലകളിലെ റോഡുകൾ, മറ്റ് നിരവധി അടിസ്ഥാന സൗകര്യങ്ങൾ വെള്ളപ്പൊക്കത്തിൽ തകർന്നു. ലഖിംപൂർ, ചരൈദിയോ, ഉദൽഗുരി ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ വൻ മണ്ണൊലിപ്പ് ഉണ്ടായിട്ടുണ്ടെന്ന് എ.എസ്.ഡി.എം.എ അറിയിച്ചു. കാസിരംഗ ദേശീയോദ്യാനത്തിലെ 47 മൃഗങ്ങൾക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ 9,09,108 വളർത്തു മൃഗങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു.