ശ്രീനഗര്‍: പൊതു അവധിയും ചടങ്ങുകളുമില്ലാതെ കശ്‌മീരില്‍ ഇന്ന് രക്തസാക്ഷി ദിനം. 1948 ന് ശേഷം ഇതാദ്യമായാണ് കശ്‌മീരില്‍ ജൂലായ് 13 പൊതു അവധിയില്ലാതെ കടന്നു പോവുന്നത്. രക്തസാക്ഷി ദിനവും ഷെയ്‌ഖ് അബ്‌ദുള്ളയുടെ ജന്മവാര്‍ഷിക ദിനവും ഔദ്യോഗിക അവധി ദിനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ജമ്മു കശ്‌മീര്‍ ഭരണകൂടം തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ഡിസംബറിലാണ് ജൂലായ് 13 ലെ രക്തസാക്ഷി ദിനവും ഡിസംബര്‍ 5ലെ മുന്‍ പ്രധാനമന്ത്രി ഷെയ്‌ഖ് മുഹമ്മദ് അബ്‌ദുള്ളയുടെ ജന്മവാര്‍ഷികദിനവും സര്‍ക്കാര്‍ പൊതു അവധിയില്‍ നിന്ന് എടുത്തു കളഞ്ഞത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് ഭരണകൂടം പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
പൊതു അവധിയില്ലാതെ കശ്‌മീരില്‍ ഇന്ന് രക്തസാക്ഷി ദിനം - രക്തസാക്ഷി ദിനം
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജൂലായ് 13 ലെ രക്തസാക്ഷി ദിനവും ഡിസംബര്‍ 5ലെ മുന്‍ പ്രധാനമന്ത്രി ഷെയ്‌ഖ് മുഹമ്മദ് അബ്‌ദുള്ളയുടെ ജന്മവാര്‍ഷികദിനവും സര്‍ക്കാര്‍ പൊതു അവധിയില്‍ നിന്ന് എടുത്തു കളഞ്ഞിട്ടുണ്ട്.
1931 ജൂലായ് 13ന് ഡോഗ്ര ഭരണാധികാരിയുടെ സൈനികരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്‌മരിച്ചാണ് 1947ല്‍ ജമ്മു കശ്‌മീര്‍ പ്രധാനമന്ത്രിയായിരുന്ന ഷെയ്‌ഖ് മുഹമ്മദ് അബ്‌ദുള്ള രക്തസാക്ഷി ദിനം പ്രഖ്യാപിക്കുന്നത്. ഡോഗ്ര ഭണാധികാരി മഹാരാജ ഹരിസിങിനെതിരെയുള്ള പ്രതിഷേധത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. 2019 വരെ ജൂലായ് 13 കശ്‌മീരില്‍ പൊതു അവധി ദിനമായിരുന്നു. രക്തസാക്ഷിത്വം വരിച്ചവരുടെ ശവകൂടീരങ്ങളില്‍ ഈ ദിവസം കശ്‌മീര്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, ഡിജിപി, വിവിധ രാഷ്‌ട്രീയക്കാര്‍ എന്നിവര്‍ ആദരാഞ്ജലി അർപ്പിക്കാറുണ്ട്.
ഭരണകൂടം പുറത്തിറക്കിയ പുതിയ അവധി ദിനങ്ങളുടെ പട്ടികയില്‍ ഒക്‌ടോബര്‍ 26 നെ കൂടി ചേര്‍ത്തിട്ടുണ്ട്. 1947 ഒക്‌ടോബര്‍ 26നാണ് മഹാരാജ ഹരി സിങ് കശ്‌മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാനുള്ള ഉടമ്പടിയിലേര്‍പ്പെട്ടത്. ഭരണകൂടത്തിന്‍റെ തീരുമാനം പുനപരിശോധിക്കണമെന്ന് വിവിധ പ്രാദേശിക രാഷ്‌ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.