ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ സേവനം ആരംഭിച്ചിട്ട് 167 വർഷം പൂർത്തിയായി. എന്നാൽ ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തുടനീളം ട്രാക്കുകൾ പ്രവർത്തന രഹിതമാകുന്നത്. കൊവിഡിനെ തുടർന്ന് പാസഞ്ചർ ട്രെയിനുകൾ ഒരുമാസത്തോളമായി നിർത്തിവെച്ചിരിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പോലും മണിക്കൂറുകൾക്കകം റെയിൽ വേ സർവീസ് പുനരാരംഭിച്ചിരുന്നു.
1853ൽ ഇന്ത്യയിലെ ആദ്യ പാസഞ്ചർ ട്രെയിൻ മുംബൈയ്ക്കും (ബോറി ബന്ദർ) താനെയ്ക്കുമിടയിലാണ് സർവീസ് നടത്തിയത്. 400 പേരെ വഹിച്ചുകൊണ്ട് 57 മിനിറ്റിനുള്ളിൽ 34 കിലോമീറ്റർ അന്തർനിർമ്മിത പാതയിലൂടെ ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേയാണ് ഇത് പ്രവർത്തിപ്പിച്ചത്. ജിഐപി റെയിൽവേ പിന്നീട് സെൻട്രൽ റെയിൽവേയുടെ രൂപം സ്വീകരിച്ചു.
ബോറി ബന്ദറിലെ സ്റ്റേഷൻ കെട്ടിടം 1887 ൽ വിക്ടോറിയ ടെർമിനസ് എന്ന് നാമകരണം ചെയ്തു. 1996 ൽ ഛത്രപതി ശിവാജി ടെർമിനസ് എന്നും 2017 ൽ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് എന്നും പുനർനാമകരണം ചെയ്തു. "1853 മുതൽ രാജ്യത്തെ സേവിക്കുന്നു. 167 വർഷം മുമ്പ് മുംബൈയിൽ നിന്ന് താനെയിലേക്ക് ആദ്യത്തെ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തി. ദീർഘവും മഹത്വമേറിയതുമായ സേവനത്തിന് ശേഷം ആദ്യമായി പ്രവർത്തനങ്ങൾ നിർത്തിവച്ചു. പ്രതിസന്ധി ഘട്ടത്തിൽ സഹകരിച്ചതിന് ജനങ്ങളോട് നന്ദി പറയുന്നു. ഞങ്ങൾ വിജയകരമായി തിരിച്ചുവരും- കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.
രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് റെയിൽ വേ സേവനങ്ങൾ മന്ത്രാലയം താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അവശ്യവസ്തുക്കളുടെ വിതരണം സാധ്യമാക്കാൻ നിലവിൽ ഗുഡ്സ് ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.