ന്യൂഡൽഹി: അതിർത്തി തർക്കത്തിൽ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ മോസ്കോയിൽ നടത്തിയ ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് അതിർത്തിയിൽ വെടിവെയ്പ്പ് നടന്നെന്ന് റിപ്പോർട്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് മുമ്പ് അതിര്‍ത്തിയില്‍ പല തവണ വെടിവയ്പ്പ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സേനകള്‍ 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിവയ്പ്പ് നടത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെപ്റ്റംബര്‍ 10നായിരുന്നു മോസ്‌കോയിലെ ചർച്ചകൾ. ഷാങ്ഗായി ഉച്ചക്കോടിക്കിടെയാണ് ഇരു മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. പ്രധാനമായും പാംഗോങ് തടാകത്തിന് വടക്ക് ഫിംഗര്‍ മൂന്ന് നാല് മേഖലകളിലാണ് വെടിവെയ്പ് ഉണ്ടായത്. ഈ മേഖലകളിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ തുരത്തുന്നതിന്‍റെ ഭാഗമായി ആകാശത്തേക്ക് വെടിവച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയും പ്രകോപനം സൃഷ്ടിച്ചുകൊണ്ട് ആകാശത്തേക്ക് വെടിയുതിര്‍ത്താണ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.