ഗുവാഹത്തി: അസമിലെ ടിന്‍സുകിയ ജില്ലയിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്‍റെ ഉമസ്ഥതതയിലുള്ള ഗ്യാസ് കിണറിലുണ്ടായ തീ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഗ്നിശമനസേന അണച്ചു. ഇപ്പോള്‍ പുറത്തേക്കൊഴുകുന്ന വാതകത്തില്‍ മാത്രമാണ് തീപടര്‍ന്നിട്ടുള്ളത്. ബാഗ്ജാനിലെ കിണറിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഇപ്പോള്‍ തീപടരുന്നില്ലെങ്കിലും 1.5 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം റെഡ് സോണായി കമ്പനി പ്രഖ്യാപിച്ചുവെന്ന് ഓയില്‍ ഇന്ത്യ ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ജയന്ത് ബോര്‍മുഡോയ് മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ചയാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ കുറിച്ച് പഠിക്കാനും തീ നിയന്ത്രണവിധേയമാക്കാനും അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും മൂന്ന് വിദഗ്ധര്‍ രണ്ട് ദിവസത്തിനകം അസമിലെത്തും . സിംഗപ്പൂര്‍ കമ്പനിയായ അലേര്‍ട്ട് ഡിസാസ്റ്റര്‍ കണ്‍ട്രോളിലെ മൂന്ന് വിദഗ്ധര്‍ ഇപ്പോള്‍ ചോര്‍ച്ച തടയുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. 4500 ചതുരശ്ര അടിക്ക് മുകളില്‍ അനിയന്ത്രിതമായി ഗ്യാസ് ഒഴുകുന്നുണ്ടെന്നും ചോര്‍ച്ച നിയന്ത്രിക്കുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണെന്നും ജയന്ത് ബോര്‍മുഡോയ് പറഞ്ഞു. അമിതമായ ചൂട് കാരണം അമ്പത് മീറ്ററിന് ശേഷം കിണറിനടുത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്നും ഇപ്പോള്‍ എല്ലാവരും വെള്ളം തളിച്ച് ചുറ്റുപാടും തണുപ്പിച്ച് കിണറിനടുത്തേക്ക് എത്തിച്ചേരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.