ഹൈദരാബാദ്:തന്‍റെ കഠിനാധ്വാനവും ദൃഢനിശ്ചയവുംകൊണ്ട് പ്ലാസ്റ്റിക് ഇതര യുപിഐ അധിഷ്ഠിത ക്രെഡിറ്റ് കാർഡ് നിർമിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് ഹൈദരാബാദുകാരനായ വിശാൽ രഞ്ജന്‍. ഇതിലൂടെ ഇന്ത്യയിലുടനീളം പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയാണ് ലക്ഷ്യം. ക്രെഡിറ്റ് കാർഡ് നിർമിക്കുന്നതിന് ബാങ്കില്‍ നിന്നോ മറ്റ് അധികാരികളില്‍ നിന്നോ വിശാലിന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. എങ്കിലും രണ്ടുവർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ 'വികാർഡ്' എന്ന യുപിഐ അധിഷ്ഠിത ക്രെഡിറ്റ് കാർഡ് നിര്‍മിച്ചെടുക്കാന്‍ വിശാലിന് സാധിച്ചു. സാധാരണ ഒരു ക്രെഡിറ്റ് കാർഡിനെ പോലെതന്നെ പ്രവര്‍ത്തിക്കുന്നതും സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാകുന്നതുമാണ് വികാര്‍ഡ്. ഇതൊരു പ്ലാസ്റ്റിക് നിര്‍മിതിയല്ലെന്നത് മാത്രമാണ് ഇതിന്‍റെ പ്രത്യേകത.
സാധാരണ ഗതിയില്‍ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നത് മിനിമം ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്കും നിശ്ചിത ട്രാന്‍സാക്ഷനുകള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്കുമാണ്. എന്നാല്‍ തുച്ഛമായ തുകയെ ബാങ്ക് അക്കൗണ്ടില്‍ ഉള്ളതെങ്കില്‍ പോലും വികാര്‍ഡ് ലഭ്യമാകും. നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ നടത്തുന്ന ഏകീകൃത പേയ്‌മെന്‍റ് ഇന്‍റർഫേസിന്‍റെ സഹായത്തോടെയാണ് വികാർഡ് പ്രവർത്തിക്കുന്നത്. ഇതിനുള്ള അനുമതി റിസർവ് ബാങ്കിൽ നിന്നും ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാർഡിന് രണ്ട് ലക്ഷം രൂപ പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്.