ന്യൂഡല്‍ഹി:പ്രതിരോധനിർമാണ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) പരിധി 74 ശതമാനമായി ഉയർത്തുന്നത് 'ഗെയിം ചെയ്‌ഞ്ചര്‍' ആകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇത് ആയുധങ്ങളുടെയും സൈനിക ഹാർഡ്‌വെയറുകളുടെയും ഉല്‍പാദനത്തിൽ ഇന്ത്യയുടെ യഥാർഥ സാധ്യതകൾ മനസിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ പ്രതിരോധ നിർമാണത്തിൽ 49 ശതമാനം മാത്രമാണ് നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നത്.
പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് സാമ്പത്തിക പാക്കേജിന്‍റെ നാലാം ഘട്ട പ്രഖ്യാപനത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രതിരോധ മേഖലയിലെ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യൻ പ്രതിരോധ ഉൽപാദന ശേഷിയുടെ യഥാർത്ഥ സാധ്യതകളെ വര്‍ധിപ്പിക്കുമെന്നും പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്‌തു.
എഫ്‌ഡിഐ പരിധി വർധിപ്പിക്കുന്നത് ലോക്ക്ഹീഡ് മാർട്ടിൻ, ബോയിങ്, എയർബസ്, ഡസോൾട്ട് ഏവിയേഷൻ തുടങ്ങിയ ആഗോള പ്രതിരോധ കമ്പനികളെ ഇന്ത്യയിൽ നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സഹായിക്കും. കമ്പനികൾക്ക് അവരുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനങ്ങളിൽ ഭൂരിപക്ഷം ഓഹരികളും ലഭിക്കുമെന്നതിനാൽ ഒരു മടിയും കൂടാതെ സാങ്കേതികവിദ്യ കൊണ്ടുവരാനും പ്രോത്സാഹനമാകും. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ബില്യൺ യുഎസ് ഡോളർ വിലയുള്ള സൈനിക കയറ്റുമതി ലക്ഷ്യമിടുകയും ഇന്ത്യയിൽ നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആഗോള പ്രതിരോധ കമ്പനികളെ ക്ഷണിക്കുകയും ചെയ്‌തിരുന്നു.
പ്രതിരോധ സാമഗ്രികളുടെ ഉത്പാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക പാക്കേജിന്‍റെ നാലാം ഘട്ട പ്രഖ്യാപനത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ നിർമിത സൈനിക ഹാർഡ്‌വെയർ ശേഖരിക്കുന്നതിന് പ്രത്യേക ബജറ്റ് വിഹിതം ഏർപ്പെടുത്തി. ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരും. ചിലയിനം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. ഇറക്കുമതി നിരോധിച്ച വസ്തുക്കൾ രാജ്യത്തിനകത്തുനിന്ന് മാത്രമെ വാങ്ങിക്കാൻ സാധിക്കുകയുള്ളൂ. ഇറക്കുമതി ചെയ്യുന്ന സ്പെയർ പാർട്‌സ് ആഭ്യന്തരമായി ഉത്പാദിപ്പിക്കും. ആഭ്യന്തര വിപണിയിൽനിന്ന് ആയുധം വാങ്ങാൻ പ്രത്യേക ബജറ്റ് വിഹിതം മാറ്റി വയ്ക്കും. ഇതിലൂടെ പ്രതിരോധ മേഖലയ്ക്കുള്ള ഉയർന്ന ഇറക്കുമതി ചെലവ് കുറയ്ക്കാനാകും.