ചെന്നൈ: ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഐഐടി മദ്രാസിലെ വിദ്യാര്‍ഥികൾ പ്രതിഷേധ സമരത്തില്‍. അന്വേഷണ സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് ക്യാമ്പസിനുളളില്‍ വിദ്യാര്‍ഥികൾ പ്രതിഷേധ സമരം ആരംഭിച്ചത്. അതേസമയം ഐഐടിയിലെ ആരോപണവിധേയരായ മൂന്ന് അധ്യാപകരെ ഇന്ന് ചെന്നൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. സുദര്‍ശന്‍ പത്മനാഭൻ ഉൾപ്പെടെയുള്ള അധ്യാപകരെയാണ് ചോദ്യം ചെയ്യുക. ഫാത്തിമയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുൻനിര്‍ത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഫാത്തിമ ലത്തീഫിന്‍റെ മരണം; പ്രതിഷേധ സമരവുമായി ഐഐടി വിദ്യാർഥികൾ - IIT Madras
ഫാത്തിമയുടെ മരണത്തില്‍ ആരോപണവിധേയരായ മൂന്ന് അധ്യാപകരെയും ഇന്ന് ചെന്നൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്
ഫാത്തിമ ലത്തീഫ്
ഐഐടിയിൽ ഒന്നാം വര്‍ഷ ഇൻ്റഗ്രേറ്റഡ് എംഎ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയായ ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമയുടെ ഫോണിൽ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പിൽ മരണത്തില്‍ അധ്യാപകരുടെ പങ്കിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഫാത്തിമയുടെ മരണത്തെക്കുറിച്ച് ഐ.ജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസിന്‍റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്.