ന്യൂഡല്‍ഹി: പ്രതികൂല കാലവസ്ഥയിലും ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷകരുടെ പ്രതിഷേധം 12-ാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംഘവും സിംഗുവിലെത്തി കര്‍ഷകരെ കണ്ടു. സർക്കാർ കർഷമ സമരത്തിന് എതിരല്ല. കർഷകർക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനാണ് എത്തിയതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഭാരത് ബന്ദിന് എല്ലാ പിന്തുണയും നല്‍കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.
നൂറുകണക്കിന് കര്‍ഷകരാണ് ദേശീയതലസ്ഥാനത്തിന്‍റെ വിവിധ അതിര്‍ത്തികളിലായി നവംബര്‍ 26 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്നത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന അതിര്‍ത്തികള്‍ അടച്ചിരുന്നു. ചില അതിര്‍ത്തിയില്‍ നോയിഡ ലിങ്ക് റോഡും ദേശീയ പാത 24 ഖാസിപൂര്‍ അതിര്‍ത്തിയും പൂര്‍ണമായും അടച്ചു. ഈ രണ്ട് വഴികളും അടച്ചിരിക്കുന്നതിനാല്‍ ഡല്‍ഹിയിലേക്ക് എത്തിന്നതിന് അപ്‌സര, ഭോപ്ര, ഡിഎന്‍ഡി വഴികളിലൂടെ വരണമെന്ന് ഡല്‍ഹി ട്രാഫിക് പൊലീസിന്‍റെ നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.
തിക്രി, ജൊരാഡ അതിര്‍ത്തികളും അടച്ചു. ബാദുസരായ് അതിര്‍ത്തിയിലൂടെ ഇരു ചക്രവാഹനങ്ങളും കാറുകളും കടത്തിവിടുന്നുണ്ട്. അതേസമയം ജതികാര അതിര്‍ത്തിയില്‍ ഇരുചക്രവാഹനങ്ങളെ മാത്രമാണ് കടത്തിവിടുന്നത്. നിലവില്‍ ധസ, ദൗരാല, കപഷേര, രജൊക്രി എന്‍എച്ച്8, ബിജ്‌വാസന്‍, പലം വിഹാര്‍, ദന്തഹെര തുടങ്ങിയ അതിര്‍ത്തികള്‍ തുറന്നിട്ടുണ്ട്. സിഘു, ഔചന്തി, പയോമണിയാരി, മങ്കേശ് അതിര്‍ത്തികള്‍ അടഞ്ഞുകിടക്കുകയാണ്. ഇരുവശങ്ങളുലേയും എന്‍എച്ച് 44 റോഡുകള്‍ അടച്ചു. പകരം ലമ്പൂര്‍, സഫിയബാദ്, സബോലി വഴി വരാനാണ് നിര്‍ദേശം. മുക്രബ, ജിടികെ റോഡുകളില്‍ നിന്നും വാഹനങ്ങള്‍ തിരിച്ച് വിടുന്നുണ്ട്. ഔട്ടര്‍ റിങ് റോഡിലൂടെയും ജിടികെ റോഡിലൂടെയും യാത്ര പാടില്ലെന്നും പൊലീസ് അറിയിച്ചു.
കേന്ദ്ര സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമാകാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്‌ച കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. അതേസമയം ബുധനാഴ്‌ച വീണ്ടും കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണ നല്‍കി രംഗത്തെത്തിയിട്ടുണ്ട്.