കേരളം

kerala

ETV Bharat / bharat

രാജ്യത്ത് കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നു: ഒരു ദിവസം ആത്മഹത്യ ചെയ്യുന്നത് 31 പേര്‍

കൃഷിയുടെ പരാജയം, ബാങ്ക് വായ്പകളുടെ ഭാരം, പിന്തുണാ വിലയുടെ അഭാവം, സംഭരണ ​​സൗകര്യങ്ങളുടെ അപര്യാപ്തത, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് കാരണങ്ങള്‍

രാജ്യത്ത് കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നു

By

Published : Nov 18, 2019, 5:52 PM IST

രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ ഏറ്റവും പുതിയ (എൻ‌സി‌ആർ‌ബി) കണക്കുകൾ പ്രകാരം, 2016 ൽ രാജ്യത്തൊട്ടാകെ 11,379 കർഷകരാണ് ആത്മഹത്യ ചെയ്തത്. അതായത് പ്രതിദിനം ശരാശരി 31 കര്‍ഷകര്‍. പ്രതിമാസം ഇത് 948 കര്‍ഷകരാകുന്നു. 2014ല്‍ 12,360 പേരും, 2015ല്‍ 12,602 പേരുമാണ് ആത്മഹത്യ ചെയ്‌തിരിക്കുന്നത്. രാജ്യത്തെ 135 കോടി ജനങ്ങള്‍ക്ക് അന്നം നല്‍കുന്ന കര്‍ഷകര്‍ക്കാണ് ഈ ദുര്‍വിധി.
കര്‍ഷക ആത്മഹത്യയില്‍ ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. 2016 ൽ മാത്രം 3,661 ആത്മഹത്യകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കർണാടകയില്‍ 2,078പേരും, മധ്യപ്രദേശില്‍ 1,321പേരും ആന്ധ്രയില്‍ 804 കര്‍ഷകരുമാണ് ഈ കാലയളവില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കർഷക ആത്മഹത്യകളുടെ നിരക്ക് 21 ശതമാനമായി കുറഞ്ഞുവെന്നും അതേസമയം, കാർഷിക തൊഴിലാളികളുടെ മരണം പത്ത് ശതമാനം വർദ്ധിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വിളനാശം, വരുമാനനഷ്ടം, വായ്‌പകൾ, കുടുംബ പ്രശ്നങ്ങൾ, രോഗം, മഴയും വെള്ളപ്പൊക്കവുമുണ്ടാക്കുന്ന കൃഷി നാശം എന്നിവയാണ് കര്‍ഷകരുടെ ആത്മഹത്യക്ക് കാരണമായി സൂചിപ്പിക്കുന്നത്. പശ്ചിമ ബംഗാളില്‍ 6270 കർഷകരില്‍ 5109 കർഷകത്തൊഴിലാളികളും ജീവിതം അവസാനിപ്പിച്ചുവെന്നതാണ് റിപ്പോര്‍ട്ടിലെ ഞെട്ടിപ്പിക്കുന്ന വിവരം. ക്രൈം റെക്കോഡ് ബ്യുറോയുടെ 1995 മുതല്‍ 2016 വരെയുള്ള കണക്കുകളില്‍ രാജ്യത്ത് 3,30,407 കർഷക ആത്മഹത്യകൾ രേഖപ്പെടുത്തിയിരിക്കുന്നു. ഈ നില തുടരുകയാണെങ്കില്‍ 2020ഓടെ നാല് ലക്ഷത്തിലധികം കർഷകരും ആത്മഹത്യ ചെയ്യാൻ നിര്‍ബന്ധിതരാകുമെന്ന് ഐഎഎസ് ഓഫീസര്‍ പി.സി ബോധ് പറയുന്നു. മഹാരാഷ്ട്രയില്‍ മാത്രം 2013 നും 2018നുമിടയിൽ 15,356 കർഷകരാണ് മരണമടഞ്ഞത്.

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനത്തിന് കര്‍മ പദ്ധതി കൊണ്ടുവരണമെന്നാണ് പ്രശ്നപരിഹാരമാർഗമായി വിദഗ്ദർ നിർദ്ദേശിക്കുന്നത്. ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടക്കുന്ന മഹാരാഷ്ട്രയുടെ കാര്യമാണ് നിലവില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിലെ മാറ്റങ്ങൾ, കരാർ കൃഷി രീതികൾ, സ്വകാര്യ നിക്ഷേപം ഉയർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവ വിലയിരുത്തി പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുള്ള കർമപദ്ധതി ഇവിടെ മുഖ്യമന്ത്രി ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ചിരുന്നു. ഭരണ പ്രതിസന്ധി വന്നതോടെ അതും അനിശ്ചിതത്വത്തിലായി. കേരളത്തിലെ വെള്ളപ്പൊക്ക പ്രതിരോധ വിളയായ പൊക്കാളി കൃഷി പോലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായി രാജ്യത്തെ കാര്‍ഷിക വ്യവസ്ഥ മാറ്റം വരുത്തിയാല്‍ മാത്രമേ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമാകുവെന്ന് മുംബൈ ഐഐടി ഗവേഷകരുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details