ഡികെ ഗുപ്‌ത വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ - അന്വേഷണം ശക്തമാക്കണമെന്ന് കുടുംബാംഗങ്ങൾ
അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും വ്യാപാര സമൂഹവും പ്രതിഷേധിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദിൽ ബിജെപി നേതാവ് ഡികെ ഗുപ്‌ത വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബാംഗങ്ങൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കുടുംബാംഗങ്ങളും വ്യാപാര സമൂഹവും ഹരിപർവത് റോഡിലും ആഗ്രയിലെ നാഗ്ല ബീച്ചിലും പ്രതിഷേധം നടത്തി. ഇത് പ്രദേശത്ത് ഗതാഗതക്കുരുക്കിന് കാരണമായി. പ്രതിഷേധക്കാരെ ശാന്തരാക്കാനായി എഎസ്‌പി സൗരഭ് ദിക്ഷിത് അടക്കം സ്ഥലത്തെത്തി. അക്രമികൾക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് സിറ്റി എസ്‌പി മുകേഷ് ചന്ദ്ര പറഞ്ഞു. അതേ സമയം കേസിലെ പ്രധാന പ്രതിയടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ആഗ്ര എഡിജി അജയ് ആനന്ദ് പറഞ്ഞു. നിലവിൽ പ്രദേശത്ത് കനത്ത പൊലീസ് സന്നാഹങ്ങളാണുള്ളത്. ബിജെപി മണ്ഡൽ വൈസ് പ്രസിഡന്‍റ് ഡികെ ഗുപ്‌ത തന്‍റെ പലചരക്ക് കട അടച്ച് പോകാൻ തുടങ്ങുമ്പോഴാണ് വെടിയേറ്റത്. ബൈക്കിലെത്തിയ മൂന്ന് പേരാണ് ഗുപ്‌തക്കെതിരെ വെടിയുതിർത്തതെന്നാണ് വിവരം. ഗുപ്‌തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.