പ്രകാശത്തിന്‍റെ ലഭ്യതക്കനുസരിച്ച് ചെടികള്‍ തലയുയർത്തുന്നത് നമ്മള്‍ കാണാറുണ്ട്. ചെടികള്‍ക്ക് പ്രകാശത്തോട് പ്രതികരിക്കാനുളള ഈ കഴിവാണ് ഫോട്ടോട്രോപിസം എന്നറിയപ്പെടുന്നത്. ഫോട്ടോട്രോപിസം പ്രതിഭാസം കൃത്രിമ ചെടികളിലും സന്നിവേശിപ്പിച്ചിരിക്കുകയാണ് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെയും അരിസോണ യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ. നാച്ചർ നാനോടെക്നോളജി എന്ന ജേർണലിലാണ് ഈ പഠനറിപ്പോർട്ട് പങ്കുവെച്ചിട്ടുള്ളത്.
ഫോട്ടോട്രോപിസം പൂക്കളിലാണ് കൂടുതലായി കണ്ടുവരുന്നത്. സൂര്യനെ കാണുമ്പോള്‍ വിടർന്ന് പുഞ്ചിരിതൂകുന്ന സൂര്യകാന്തിപ്പൂക്കള്‍ ഒരു ഉദാഹരണം മാത്രം. ഇനി കൃത്രിമ സൂര്യകാന്തിപ്പൂക്കളും സൂര്യപ്രകാശത്തില്‍ പുഞ്ചിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനായി സൂര്യപ്രകാശത്തോട് പ്രതികരിക്കുന്ന പോളിമർ നിർമിക്കുകയാണ് ശാസ്ത്രജ്ഞർ ചെയ്തത്. പ്രകാശത്തോട് പ്രതികരിക്കുന്ന നാനോ മെറ്റീരിയലും തെർമേ റെസ്പോണ്‍സീവ് മെറ്റീരിയലും നിർമിച്ചു.