മുംബൈ:ജീവിതത്തിന്‍റെ ട്രാക്കില്‍ കുതിച്ചുപായുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ലൈഫ് ലൈന്‍ എക്‌സ്പ്രസ്. സെന്‍റർ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഈ ട്രെയിനില്‍ ചികിത്സ പൂർണ്ണമായും സൗജന്യമാണ്. 'ഹോസ്പിറ്റല്‍ ഓണ്‍ വീല്‍' എന്ന വിശേഷണത്തിന് അർഹമായ ഈ സംവിധാനം ലോകത്ത് ആദ്യമായി അവതരിപ്പിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയാണ്.
ട്രാക്ക് തെറ്റാതെ ലൈഫ് ലൈന്‍ എക്‌സ്പ്രസ് - ഇന്ത്യന്‍ റെയില്‍വേയുടെ ലൈഫ് ലൈന്‍ എക്‌സ്പ്രസ്
സെന്‍റർ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഈ ട്രെയിനില്‍ ചികിത്സ സൗജന്യമാണ്.
രോഗികൾക്ക് ആവശ്യമെങ്കില്‍ ശസ്ത്രക്രിയ അടക്കമുള്ളവ നടത്താന്‍ വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഇതിനകം 19 സംസ്ഥാനങ്ങളിലൂടെ ഈ കാരുണ്യത്തിന്‍റെ ചൂളംവിളി കടന്നുപോയി. രാജ്യത്തെ 138 ജില്ലകളിലെ വികസനത്തിന്‍റെ വെളിച്ചം കടന്നുചെന്നിട്ടില്ലാത്ത 201 ഉൾനാടന്‍ പ്രദേശങ്ങളില്‍ ഇതിനകം സേവനം എത്തിക്കഴിഞ്ഞു. 12.32 ലക്ഷം രോഗികളാണ് ഇതുവഴി ജീവിതത്തിന് പുതിയ താളം കണ്ടെത്തിയത്. ഇതില്‍ 1.46 ലക്ഷം രോഗികളുടെ ശസ്ത്രക്രിയ നടത്തിയതും പാളത്തിലൂടെ കൂകിപായുന്ന ഈ ആശുപത്രിയിലാണ്. ഓപ്പറേഷന്‍ തിയേറ്റർ, പാത്തോളജി ലാബ്, മാമോഗ്രഫി യൂണിറ്റ്, ഗൈനക്കോളജി പരിശോധനാകേന്ദ്രം, എക്‌സറേ യൂണിറ്റ്, ദന്തപരിശോധനാ കേന്ദ്രം, ഫാർമസി എന്നിവ ഏഴ് കോച്ചുകളിലായി സജ്ജീകരിച്ചിരിക്കുന്നു.
ഡോക്ടർമാർ അടക്കം രണ്ട് ലക്ഷം ആരോഗ്യപ്രവർത്തകർ ഈ യാത്രയുടെ ഭാഗമായി കഴിഞ്ഞു. അർബുദം അടക്കമുള്ള മാരക രോഗങ്ങൾക്കും ഇവിടെ ചികിത്സ ലഭ്യമാകുമെന്നതിനാല്‍ രാജ്യത്ത് ഉടനീളമുള്ള സാധാരണക്കാർക്ക് ഈ ചൂളംവിളി അനുഗ്രഹമാണ്.