ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വേഗമേറിയ താരമായ ഉസൈന്‍ ബോൾട്ടിനെ പോലും വെല്ലുന്ന പ്രകടനവുമായി ആഗോള ശ്രദ്ധ നേടുകയാണ് കര്‍ണാടകയിലെ ശ്രീനിവാസ ഗൗഡ എന്ന കമ്പളയോട്ടക്കാരന്‍. ബെയ്‌ജിങ് ഒളിമ്പിക്‌സില്‍ ബോൾട്ട് 9.58 സെക്കന്‍റ് കൊണ്ട് 100 മീറ്റര്‍ ദൂരം താണ്ടിയെങ്കില്‍ 142.50 മീറ്റര്‍ ദൂരം വെറും 13.62 സെക്കന്‍റ് കൊണ്ടാണ് കര്‍ണാടകയിലെ കമ്പളയോട്ട മത്സരത്തില്‍ പോത്തിനൊപ്പം ശ്രീനിവാസ ഓടിയെത്തിയത്. അതായത് 100 മീറ്റര്‍ താണ്ടാനെടുത്ത സമയം 9.55 സെക്കന്‍റ് മാത്രം.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരവധി പേരാണ് ശ്രീനിവാസയുടെ പ്രകടനത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടയില്‍ ശ്രീനിവാസക്ക് വേണ്ടി സ്‌പോര്‍ട്‌സ് അതോറിറ്റിയോട് കായികപരിശോധനക്ക് ശുപാര്‍ശ ചെയ്‌ത് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ മികച്ച പരിശീലകരുടെ നേതൃത്വത്തില്‍ ശ്രീനിവാസയുടെ കഴിവ് പരിശോധിക്കുമെന്നും കായിക പ്രതിഭകൾക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.